Skip to main content

കാർഷികം - കെണിവിളകൾ


ചെണ്ടുമല്ലി
ചെണ്ടുമല്ലി 
 
നമ്മുടെ കൃഷിയെ കീടങ്ങളിൽ നിന്നും  മറ്റു ക്ഷുദ്ര ജീവികളിൽ നിന്നും  സംരക്ഷിക്കാനായി വിളകളോടൊപ്പമോ അല്ലെങ്കിൽ അതിരുകളിലോ അതുമല്ലെങ്കിൽ ഇടവിളയായോ ചില പ്രത്യേക സസ്യങ്ങൾ നട്ടുവളർത്തി കീട നിയന്ത്രണം സാധ്യമാക്കുന്ന ഒരു രീതിയാണ് ഇത്. കീടങ്ങൾക്ക് വിളകളേക്കാൾ കൂടുതൽ താല്പര്യം ഇത്തരം ചെടികളോടായിരിക്കും.  ഇങ്ങനെ വരുമ്പോൾ ഒന്നുകിൽ കീടങ്ങൾ കൃഷിയിടത്തിൽ കയറുന്നതു തടയാൻ സാധിക്കുന്നു  അല്ലെങ്കിൽ വിളകൾക്ക് വരുത്തുന്ന നഷ്ടം കുറയ്ക്കാൻ സാധിക്കുന്നു
.
Cabbage Mothവാസ്തവത്തിൽ ഒരു ചെടിയെ ഒരു പ്രത്യേക കീടം ആക്രമിക്കുന്നത് ആ ചെടിയുടെ വളർച്ചയുടെ ഏതെങ്കിലും ഒരു പ്രത്യേക ഘട്ടത്തിൽ ആയിരിക്കും. അതുപോലെ തന്നെ ഒരു കീടം എല്ലാ ചെടികളെയും ആക്രമിക്കുന്നുമില്ല. ഇവയൊക്കെ അടിസ്ഥാനമാക്കി വേണം കെണിവിളകൾ തെരഞ്ഞെടുക്കേണ്ടതും നടേണ്ടതും.

Cabbage Moth Wormരാസ കീടനാശിനികൾ ഉപയോഗിക്കുമ്പോൾ അതിന്റെ പാർശ്വഫലങ്ങൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. ഭൂമി, ജലം, വായു എല്ലാം വിഷമയമാകുന്നു. കീടങ്ങൾ നശിക്കുമെങ്കിൽ പോലും മറ്റു നിരവധി മിത്ര കീടങ്ങളെയും അത് നശിപ്പിക്കുന്നു. കൂടാതെ കീടങ്ങൾ ഇത്തരം കീടനാശിനികൾക്കെതിരെ സ്വയം പ്രതിരോധം നേടുന്നതിനാൽ  വിഷം തളിക്കുന്നതിന്റെ അളവ് വർധിപ്പിക്കേണ്ടി വരുന്നു. ചെലവ് കൂടുന്നു. ജൈവ വൈവിധ്യം തന്നെ നശിപ്പിക്കപ്പെടുന്നു.
Cabbage Moth Worm

അതുകൊണ്ടു തന്നെ കൃഷി സുസ്ഥിരവും പ്രകൃതി സൗഹൃദവും ആകണമെങ്കിൽ, സാമ്പത്തിക ഭദ്രത ഉണ്ടാകണമെങ്കിൽ നാം ഇങ്ങനെയുള്ള വഴികൾ തെരഞ്ഞെടുക്കേണ്ടത്  കാലഘട്ടത്തിന്റെ ആവശ്യമാണ്.

കെണി വിളകളുടെ ശാസ്ത്രം എന്ന് പറയുന്നത്, വിളകളേക്കാൾ കീടങ്ങൾക്കു താല്പര്യം ഈ സസ്യങ്ങളോടായിരിക്കും എന്നതാണ്. അതുവഴി കൃഷിയിൽ വരുന്ന ആക്രമണവും നഷ്ടവും കുറക്കാൻ സാധിക്കും. ഇന്ന് പ്രചാരത്തിൽ ആയികൊണ്ടിരിക്കുന്ന ജൈവ കൃഷി രീതികളിൽ ഇതിന്റെ സാധ്യത വളരെയേറെയാണ്. ഇങ്ങനെയുള്ള കെണിവിളകൾ തീർക്കുമ്പോൾ വാസ്തവത്തിൽ നാം മിത്ര കീടങ്ങൾക്കുള്ള സൗകര്യം ഒരുക്കുന്നതോടൊപ്പം ജൈവ വൈവിധ്യം സംരക്ഷിക്കപെടുകയുമാണ് ചെയ്യുന്നത്.

ഇനി നമുക്ക് ചില കെണിവിളകളെ പരിചയപ്പെടാം 
ജമന്തി 
  • പച്ചക്കറി കൃഷിക്ക് ചുറ്റുമായി കടുക് നടുക. കടുകിനെ ഇലതീനി കീടങ്ങള്‍ക്ക് വളരെ ഇഷ്ടമാണ്. വന്നെത്തുന്ന കീടങ്ങളെ വിളക്ക് കെണി വെച്ച്  ഇല്ലാതാക്കാം
  • തക്കാളിക്ക് ചുറ്റും ചെണ്ടുമല്ലി നടുക. വേരിലൂടെ ആക്രമിക്കുന്ന  നിമാവിരകളെ നിയന്ത്രിക്കാൻ ഇത് സഹായിക്കും.
  • തക്കാളിയുടെ കായതുരപ്പൻ പുഴുവിനെ തുരത്താൻ ഓരോ 15  വരികളുടെ ഇടയിലായി ഒരു വരി   ചെണ്ടുമല്ലി അല്ലെങ്കിൽ വെള്ളരി നട്ടു പിടിപ്പിക്കാവുന്നതാണ്.
  • ചിത്ര കീടത്തെ നിയന്ത്രിക്കാൻ ജമന്തി വളർത്തിയാൽ മതി.
  • ഉരുളക്കിഴങ്ങിനെ ആക്രമിക്കുന്ന നിമാ വിരകളെ തുരത്താൻ ചെണ്ടുമല്ലി വളരെയേറെ ഉപയോഗപ്രദമാണ്.
  • നെല്ലിനെ ആക്രമിക്കുന്ന ഒച്ചിനെ തുരത്താൻ ചെണ്ടുമല്ലി സഹായിക്കുന്നു.
  • മക്ക ചോളത്തിനെ ആക്രമിക്കുന്ന തണ്ടു തുരപ്പൻ പുഴുവിനെ തുരത്താൻ  ഇടയിൽ അരിച്ചോളാം നട്ടാൽ മതി.
  • പയറിനെ ആക്രമിക്കുന്ന ചില കമ്പിളിപുഴുക്കളെ തുരത്താൻ എള്ള് വിതച്ചാൽ മതി.
  • പച്ചക്കറി തോട്ടത്തില്‍ അരുത നടുക. മൃദുല ശരീരികളായ ക്ഷുദ്ര പ്രാണികള്‍ അകലും.
  • പാവലിന്റെ അരികില്‍ പീച്ചില്‍ നടുക. പാവലിനെ അക്രമിക്കുന്ന പ്രധാനകീടമാണ് കായീച്ച . പീച്ചില്‍ പന്തലിന് ചുറ്റും ഉണ്ടെങ്കില്‍ പാവലിലെ കായീച്ച ബാധ കുറയും.
  • വെള്ളരി വര്‍ഗ വിളകള്‍ക്ക് ഇടയില്‍ ചെണ്ടുമല്ലി നടുക. കായ തുരപ്പന്‍പുഴുക്കള്‍,നിമാവിര എന്നിവയുടെ ശല്യം കുറയ്ക്കാം .
  • ഹ്രസ്വകാല വിളകള്‍ക്കിടയില്‍ തുവര നടുക. മണ്ണിനടിയിലൂടെയുള്ള എലി, പെരുച്ചാഴി ശല്യം കുറക്കാം. കായീച്ചകളെ തുവര എളുപ്പത്തില്‍  ആകര്‍ഷിക്കും .ഈച്ചകളെ കൂട്ടത്തോടെ കൊന്നൊടുക്കാം.
  • വെള്ളരിവര്‍ഗ വിളകള്‍ക്കൊപ്പം മുതിര വളര്‍ത്തുക. മുതിരയും  ലഭിക്കും .മത്തന്‍ വണ്ടിന്റെ ഉപദ്രവം കുറയുകയും ചെയ്യും.
  • പയറിനോടൊപ്പം കടുക് വളര്‍ത്തുക. കടുകും വിളവെടുക്കാം 
    .പച്ചക്കുതിരയെ നിയന്ത്രിക്കുകയുമാവാം.
  • ചേന, ചേമ്പ് എന്നിവയുടെ ചുറ്റിലും മഞ്ഞള്‍ നടുക. തുരപ്പനെലിയുടെ  നുഴഞ്ഞുകയറ്റം ലഘൂകരിക്കാം.
  • കാബേജിനെ / കോളിഫ്ളവറിനെ ആക്രമിക്കുന്ന ഡയമണ്ട് ബ്ലാക് മോത്തിനെ തുരത്താൻ ഓരോ 25 വരികളുടെ ഇടയിലായി രണ്ടു വരി എള്ള് വളർത്താവുന്നതാണ്.
  • നിലക്കടലയുടെ ഇലതീനി കീടങ്ങളെ തുരത്താൻ പാടത്തിന്റെ അതിർത്തിയിൽ ആവണക്ക്, സൂര്യകാന്തി എന്നിവ കൃഷി ചെയ്യാവുന്നതാണ്.
  • പരുത്തിയുടെ കായതുരപ്പൻ പുഴുവിനെ തുരത്താൻ പാടത്തിന്റെ അതിർത്തിയിൽ ചെണ്ടുമല്ലി വളർത്തിയാൽ മതി. 

വ്യത്യസ്ത കൃഷികളിൽ  കെണിവിളകൾ ഒരുപരിധിവരെ ഫലപ്രദമാണ്.  പൂര്‍ണ്ണമായും ക്ഷുദ്ര കീടങ്ങളെ കെണിവിളയില്‍ കുരുക്കുവാന്‍ സാധിക്കില്ല.

മണ്ണിനും പ്രകൃതിക്കും ദോഷകരമല്ലാത്ത ഇതുപോലുള്ള പരിസ്ഥിതി സൗഹൃദപരമായ കീടനിയന്ത്രണമാണ്   നമുക്കാവശ്യം.

Comments

  1. This wisdom is eye opener. I need to put it into practice.While serving in Punjab I have seen marigold planted in between the farmland and never realised the importance of it .
    Thank you and the Team .

    ReplyDelete

Post a Comment

Popular posts from this blog

കാർഷികം - കാർഷിക കലണ്ടർ

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ  പച്ചക്കറികൾ നടുന്നതിനുള്ള  ഏകദേശ സമയക്രമം  ജനുവരി മുളക്,     വഴുതന, തക്കാളി , പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,       ചീര, പയർ ഫെബ്രുവരി വഴുതന, തക്കാളി, വെണ്ട, ചീര, പയർ മാർച്ച് തക്കാളി, വെണ്ട, ചീര, പയർ ഏപ്രിൽ മുളക്,         പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,     ചീര, പയർ മെയ് മുരിങ്ങ , മുളക്,   വഴുതന, ചീര, പയർ , ചേമ്പ് , ചേന ജൂൺ മുരിങ്ങ , മുളക്,   വഴുതന, വെണ്ട, ചീര, പയർ , ചേമ്പ് , ചേന ജൂലൈ വെണ്ട, പയർ ആഗസ്ത് മുളക്,     ചീര, പയർ സെപ്റ്റംബർ മുളക്,     വഴുതന, തക്കാളി , പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,       ചീര, പയർ ഒക്ടോബർ കാബേജ്, കോളിഫ് ‌ ളവർ , വഴുതന, തക്കാളി , വെണ്ട, ചീര, പയർ , ചേമ്പ് നവംബർ കാബേജ്, കോളിഫ് ‌ ളവർ ,     വെണ്ട, ...

കാർഷികം - ചേന

മലയാളിയുടെ തീൻ മേശയിലെ കരുത്തനാണ്, ചൊറിയനെങ്കിലും ചേന. വെറുതേ അല്ല ചൊറിച്ചിൽ.  നമ്മുടെ ശരീരത്തെ കരുത്തുറ്റതാക്കാനുള്ള കാൽസ്യം ഓക്സലേറ്റിന്റെ നിറകലാപമാണ് ചൊറിച്ചിലിന്റെ പിന്നിൽ . സഹിച്ചേ പറ്റു. നട്ടാലേ നേട്ടമുള്ളൂ  ഇനി അതല്ല,  ചൊറിച്ചിൽ വേണ്ടേ?  വേണ്ട... മ്മ്ടെ ഗജേന്ദ്രയോ, ശ്രീ പദ്മയോ നട്ടോളൂ. കാൽസ്യം അല്പം കുറഞ്ഞാലും വേണ്ടില്ല ചൊറിച്ചിൽ തീരെ കമ്മി.  ഇത് എവിടെ കിട്ടും?  ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിൽ അന്വേഷിച്ച് നോക്കാം..(അവിടെ ഇല്ലെങ്കിൽ എന്നെ തെറി വിളിക്കരുത്, ). മലയാളിയുടെ ക്ഷാമ ഭൂതകാലത്തിൽ എരിവയറുകൾക്ക് കൂട്ടായി നിന്ന ഭക്ഷണമാണ് കിഴങ്ങ് വർഗ വിളകൾ.  കപ്പയും ചേനയും കാച്ചിലുമൊക്കെ. 'ചേനേം കാച്ചിലും മുമ്മാസം' ആയിരുന്നു അക്കാലം. അവിടെ നിന്നും 'സ്വിഗ്ഗിയും സൊമാറ്റോയും എക്കാലവും'  എന്ന നിലയിലേക്ക് മാറിയിട്ടുണ്ട് കാര്യങ്ങൾ. പുകയാത്ത അടുപ്പുകൾ ഉള്ള നവ കേരളം.    ചേനയോടേറ്റുമുട്ടാൻ ആരുണ്ട് ഈ നാട്ടിൽ? വാ.. ഇങ്ങ് കേരളത്തിലേക്ക്... പ്രമേഹിയാണോ?സന്തോഷം..ചേനയ്ക്ക് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ് . ധൈര്യമായി തട്ടിക്കോ..  കൂടിയ രക്...

കാർഷികം - ഞാറ്റുവേല

ഞാറ്റുവേല സൂര്യന്റെ സഞ്ചാര പഥവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ  വിശ്വാസ പ്രകാരം 27  നക്ഷത്രങ്ങളാണ് ഉള്ളത്. ഓരോ സമയത്തു സൂര്യൻ ഏതു നക്ഷത്രത്തിന് നേരെയാണോ സ്ഥിതി ചെയ്യുന്നത് ആ ഞാറ്റുവേല അപ്പോൾ ആ നക്ഷത്രത്തിന്റെ പേരിൽ അറിയപ്പെടുന്നു. അതുകൊണ്ടുതന്നെ 27 ഞാറ്റുവേലകളാണ് ഉള്ളത്. അതുപോലെതന്നെ ഓരോ ഞാറ്റുവേലയുടെയും ദൈർഘ്യം 13.5 ദിവസങ്ങൾ ആണ്. അതായതു ഒരു വർഷം 365  ദിവസം. ഇതിനെ ആകെ ഞാറ്റുവേലകളുടെ എണ്ണം (27) കൊണ്ട് ഹരിച്ചാൽ നമുക്ക് 13.5 എന്ന് കിട്ടുന്നു. ഞാറ്റുവേല ചക്രം  ഞാറ്റുവേല കലണ്ടർ മലയാള മാസം നക്ഷത്രം മേടം അശ്വതി, ഭരണി, കാർത്തിക1/4 ഇടവം കാർത്തിക3/4 , രോഹിണി മകീര്യം1/2 മിഥുനം മകീര്യം1/2 , തിരുവാതിര,പുണർതം ¾ കർക്കിടകം പുണർതം¼ ,പൂയ്യം, ആയില്യം ചിങ്ങം മകം, പൂരം, ഉത്രം ¼ കന്നി ഉത്രം ¾, അത്തം, ചിത്ര ½ തുലാം ചിത്ര ½, ചോതി, വിശാഖം ¾ വൃശ്ചികം വിശാഖം ¼ , അനിഴം,തൃക്കേട്ട ധനു മൂലം, പൂരാടം, ഉത്രാടം ¼ മകരം ഉത്രാടം ¾ , തിരുവോണം, അവിട്ടം ½ കുംഭം അവിട്ടം ½ , ചതയം, പൂരുട്ടാതി ¾ മീനം പൂരുട്ടാതി ¼, ഉതൃട്ടാതി, രേവതി അശ്വതി ഞാറ്റുവേല  വിരിപ്പ് കൃഷിക്ക്...