നമ്മുടെ നാടൻ പശുക്കൾ തരുന്ന ഗവ്യങ്ങൾ ആയ ചാണകം, ഗോമൂത്രം, പാൽ, തൈര്( മോര്), വെണ്ണ(നെയ്യ്) ഉപയോഗപ്പെടുത്തി കൃഷി വളരെ ആരോഗ്യപരമായി കൊണ്ട് പോകാം എന്ന് നമ്മുടെ പൂർവികർ മനസ്സിലാക്കിയിരുന്നു.
പഞ്ചഗവ്യം തയ്യാറാക്കുന്നത് എങ്ങിനെ?
- ചാണകം (പുതിയത്) - 5 കിലോ
- ഗോമൂത്രം - 3 ലിറ്റർ
- പാൽ - 2 ലിറ്റർ
- നെയ്യ് - ½ കിലോ
- തൈര് - 2 ലിറ്റർ
- കരിമ്പിൻ നീര് - 3 ലിറ്റർ
- ഇളനീർ വെള്ളം - 3 ലിറ്റർ
- വാഴപ്പഴം - 12 എണ്ണം
- കള്ള്/മുന്തിരി നീര് - 2 ലിറ്റർ
തയ്യാറാക്കുന്ന രീതി
പഞ്ചഗവ്യം തയ്യാറാക്കുന്നതിന് വായ വിസ്താരമുള്ള മൺപാത്രമോ, പ്ലാസ്റ്റിക് കാനോ ഉപയോഗിക്കാവന്നതാണ്. ലോഹ പത്രങ്ങൾ ഉപയോഗിക്കരുത്.
- ആദ്യം ചാണകവും നെയ്യും പാത്രത്തിലേക്ക് ഇട്ടു നന്നായി കൂട്ടി കലർത്തുക. മൂന്ന് ദിവസം വെക്കുക. ദിവസവും രണ്ടുനേരം വീതം ഇളക്കണം.
- നാലാമത്തെ ദിവസം ബാക്കിയുള്ള ചേരുവകൾ ഇതിലേക്ക് ചേർക്കുക. നന്നായി കൂട്ടിക്കലർത്തണം. 15 ദിവസം ഇത് വെക്കുക. ദിവസവും രണ്ടുനേരം വീതം ഇളക്കണം.
- പതിനെട്ടാമത്തെ ദിവസം പഞ്ചഗവ്യം ഉപയോഗത്തിന് തയ്യാറായി. ഈച്ചയും കൊതുകും കയറാതെ നന്നായി അടച്ചു സൂക്ഷിക്കാം.
- കരിമ്പ്നീര് ഇല്ലെങ്കിൽ 500 ഗ്രാം ശർക്കര 3 ലിറ്റർ വെള്ളത്തിൽ അലിയിച്ചു ചേർത്ത ലായനി ഉപയോഗിക്കാം.
- കള്ളിന് പകരം, 200 ഗ്രാം യീസ്റ്റും 100 ഗ്രാം ശർക്കരയും 2 ലിറ്റർ ഇളം ചൂട് വെള്ളത്തിൽ അലിയിച്ചു 30 മിനുട്ടിനു ശേഷം ഉപയോഗിക്കാം. അല്ലെങ്കിൽ 2 ലിറ്റർ ഇളനീർ വെള്ളം 10 ദിവസം ഒരു പ്ലാസ്റ്റിക് പാത്രത്തിൽ അടച്ചു വച്ചതു ഉപയോഗിക്കാം.
- ദിവസവും രണ്ടു നേരം ഇളക്കി വെക്കുകയാണെകിൽ ആറ് മാസം വരെ കേടാകാതെ നിൽക്കും.
- ദിവസങ്ങൾ കഴിയുമ്പോൾ ഈ മിശ്രിതം കട്ടി കൂടി എന്ന് തോന്നുകയാണെകിൽ ആവശ്യത്തിന് വെള്ളം ചേർത്ത് ദ്രവരൂപത്തിൽ ആക്കാവുന്നതാണ്.
ഉപയോഗിക്കുന്ന വിധം
തളിക്കുന്ന രീതി : 3 ലിറ്റർ പഞ്ചഗവ്യം 100 ലിറ്റർ വെള്ളത്തിൽ ചേർത്ത് എല്ലാ വിളകൾക്കും തളിക്കാവുന്നതാണ്. 10 ലിറ്റർ സ്പ്രേയറിൽ 300 മില്ലി മതിയാകും. നേർപ്പിച്ചതിനുശേഷം അരിച്ചെടുത്തു വേണം ഉപയോഗിക്കാൻ.
ജലസേചനം വഴി : 1 ഏക്ര കൃഷിയിടത്തിലേക്ക് 20 ലിറ്റർ പഞ്ചഗവ്യം ജലസേചനം വഴി ഉപയോഗിക്കാം.
വിത്ത് സംരക്ഷണം : 3 ശതമാനം വീര്യമുള്ള പഞ്ചഗവ്യ ലായനിയിൽ 10 - 20 മിനുട്ടു മുക്കി വച്ചതിനു ശേഷം തണലത്തു ഉണക്കി നടാവുന്നതാണ്. ചെടികൾ പറിച്ചെടുത്തു നടുന്നതിനു മുൻപ് 20 മിനുട്ടു ഇതിൽ മുക്കി വച്ചതിനു ശേഷം നടാം. മഞ്ഞൾ, ഇഞ്ചി , ചേന, കരിമ്പ്, കപ്പ അങ്ങിനെ എന്തും 30 മിനുറ്റുവരെ പഞ്ചഗവ്യത്തിൽ മുക്കി വച്ചതിനു ശേഷം നടാവുന്നതാണ്.
Comments
Post a Comment