കാബേജും കോളിഫ്ളവറും
നീര്‍വാര്‍ച്ച സൗകര്യമുള്ളതും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നതും മണല്‍ കലര്‍ന്ന പശിമരാശിയുള്ള മണ്ണുമാണ് കൃഷിക്ക് നല്ലത്. അല്ലാത്ത മണ്ണിലും അത്യാവശ്യം മണലും ജൈവ വളങ്ങളും കൂട്ടി കൃഷിക്ക് അനുയോജ്യമാക്കാം. ഉണങ്ങിയ ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്തു വേണം തൈകള്‍ നടാന്‍. തൈകള്‍ തമ്മില്‍ 50 സെ.മി അകലത്തില്‍ നടാം. പോട്രേകളില്‍ ലഭിക്കുന്ന തൈകള്‍ വേരിളക്കം തട്ടാതെ വേണം നടാനായി എടുക്കാന്‍.
നട്ട തൈകള്‍ക്ക് കുറച്ചു ദിവസം തണല്‍ നല്‍കണം. മൂന്നാഴ്ച കഴിഞ്ഞ് ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് കൂടെ കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ കൂടി കലര്‍ത്തി തൈകള്‍ക്ക് ചുറ്റുമിട്ട് മണ്ണു വിതറണം. 15 ദിവസം കഴിഞ്ഞ് ഇതൊന്നുകൂടി ആവര്‍ത്തിക്കുക. മഴയില്ലാത്ത ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ വെള്ളം തളിച്ചു കൊടുക്കണം. നല്ല ജലസേചനം വേണ്ട വിളയാണ് കാബേജും കോളിഫ്‌ളവറും. നട്ട് ഒരുമാസം കഴിഞ്ഞ് ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ പുളിച്ചതിന്റെ തെളി കൂടുതല്‍ വെള്ളം ചേര്‍ത്ത് തടത്തിലൊഴിച്ചു കൊടുക്കുന്നത് ചെടിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും. ഇങ്ങനെ രണ്ട്-മൂന്ന് തവണ 15 -20 ദിവസം കൂടുമ്പോള്‍ ആവര്‍ത്തിക്കണം. കോളിഫ്‌ളവറിനും കാബേജിന്റെയും ഫ്‌ളവറിങ്ങിന് ചാരം അഥവാ വെണ്ണീരു ഗുണം ചെയ്യും. തൈകള്‍ നട്ട് 50 ദിവസം കഴിയുന്നതോടെ ഒരു പിടി ചാരം തടത്തിനു ചുറ്റം വിതറി കൊടുക്കാം. 15 ദിവസം കഴിഞ്ഞ് ഒന്നുകൂടി ഇങ്ങനെ അവര്‍ത്തിക്കണം. ഹ്രസ്വകാല വിളയായ കാബേജും കോളിഫ്‌ളവറും തൈ നട്ട് 80-90 ദിവസങ്ങള്‍ കൊണ്ട് വിളവെടുക്കാന്‍ പാകമാകും.
രോഗ-കീട നിയന്ത്രണം
പലതരത്തിലുള്ള ഇല തീനി പുഴുക്കളാണ് സാധാരണയായി ശീതകാല പച്ചക്കറികളില്‍ കണ്ടുവരാറ്. ദിവസവും ചെടികളെ നോക്കി പുഴുവിനെ പെറുക്കി കൊല്ലുകയാണ് ഏറ്റവും നല്ല നിയന്ത്രണമാര്‍ഗം. രണ്ടുശതമാനം വീര്യമുള്ള വെളുത്തുള്ളി – വേപ്പെണ്ണ മിശ്രിതവും തളിക്കാം. ശീതകാല പച്ചക്കറി കൃഷിയിലെ മറ്റൊരു പ്രധാന ശത്രു ഒച്ചിന്റെ ആക്രമണമാണ്. ദിവസവും ഇലകള്‍ നിരീക്ഷിക്കുകയും ഒച്ചുണ്ടെങ്കില്‍ എടുത്ത് നശിപ്പിക്കുകയാണ് ഇതിനെതിരേയുള്ള മാര്‍ഗം. നീറ്റ് കക്കാ പൊടിച്ചത്, കല്ല് ഉപ്പ് പൊടിച്ച് വിതറല്‍ എന്നിവയും ഒച്ചിനെതിരേ ഉപയോഗിക്കാവുന്ന മാര്‍ഗങ്ങളാണ്.
വിളവെടുപ്പ്
നന്നായി പരിപാലിച്ചാല്‍ കാബേജും കോളിഫ്ളവറും 50-60 ദിവസങ്ങള്‍ കൊണ്ട് ഫ്‌ളവറിങ്ങ് നടക്കും. തുടര്‍ന്ന് ഒരു മാസം കൊണ്ട് ഫ്ളവര്‍ വലുതാകുകയും വിളവെടുപ്പിന് പാകമാകുകയും ചെയ്യും. കോളി ഫ്‌ളവറിന്റെ ഭക്ഷ്യയോഗ്യമായ ഭാഗത്തെ കര്‍ഡ് എന്നാണ് പറയുന്നത്.
ഗ്രോബാഗിലെ നടീല്‍ രീതി
മണ്ണ്, മണല്‍ അല്ലങ്കില്‍ ചകിരിച്ചോര്‍, ചാണകപ്പൊടി, വേപ്പിന്‍പ്പിണ്ണാക്കും എന്നിവയെല്ലാം കൂടി നന്നായി ഇളക്കി ഗ്രോബാഗിന്റെ എഴുപത് ശതമാനം നിറച്ച് തൈകള്‍ നടാം. ചാണകപ്പൊടിക്ക് പകരം ഉണങ്ങി തണുത്ത കോഴി വളവും മിശ്രിതം തയാറാക്കാന്‍ ഉപയോഗിക്കാം. വളപ്രയോഗവും പരിപാലനവും എല്ലാ നേരത്തെ പറഞ്ഞതു പ്രകാരം ചെയ്യണം. ജലസേചനം ആവിശ്യത്തിന് മാത്രം നടത്തുക. ഗ്രോബാഗില്‍ കൊടുക്കുന്ന വെള്ളത്തിന്റെ അളവ് കൂടിയാല്‍ കെട്ടിക്കിടന്ന് തൈ ചീഞ്ഞു പോകാന്‍ ഇടയാകും. ഇതിനാല്‍ ഗ്രോബാഗില്‍ വെള്ളം ഒലിച്ച് പോകാന്‍ സുഷിരങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. നന്നായി പരിപാലിച്ചാല്‍ നിലത്ത് നട്ട് വിളവെടുക്കുന്നതിന് മുമ്പ് തന്നെ ഗ്രോബാഗില്‍ വിളവെടുക്കാം.
ബ്രോക്കോളി
കിഴങ്ങുവര്‍ഗങ്ങള്‍
പ്രധാനപ്പെട്ട ശീതകാല വിളകളായ സവാള, ഉള്ളി, കാരറ്റ്, മുള്ളങ്കി, ബീറ്റ്‌റൂട്ട് എന്നിവ നമ്മുടെ നാട്ടില്‍ മഞ്ഞുകാലത്ത് കൃഷി ചെയ്യാവുന്ന വിളകളാണ്. വിത്തുപാകി മുളപ്പിച്ച് 30 ദിവസം പ്രായമെത്തിയ തൈകള്‍ പറിച്ചു നട്ടാണ് സവാളയുടെ കൃഷി രീതി. നല്ലപ്പോലെ ഇളകിയ മണ്ണില്‍ ജൈവവളം ചേര്‍ത്ത് 90 സെ.മീ വീതിയിലും 10 സെ.മീ ഉയരത്തിലുമുള്ള തടമെടുത്ത് അതില്‍ 10 സെ.മീ അകലത്തിലായി തൈകള്‍ നടാം. നാലുമാസമാകുമ്പോള്‍ വിളവെടുക്കാവുന്നതാണ്. ഇലകള്‍ മഞ്ഞനിറമായി വാടി വീഴുമ്പോളാണ് സവാള വിളവെടുക്കുന്നത്. വിളവെടുത്ത് കുറച്ചുദിവസം തണലത്തിട്ട് ഉണക്കിയതിനു ശേഷം തലപ്പൂ മാറ്റി വീണ്ടും ഉണക്കുക. അതിനുശേഷം ഉപയോഗിക്കാവുന്നതാണ്.

Comments
Post a Comment