കേരളത്തിൽ യഥേഷ്ടം കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് Mimosaceae എന്ന സസ്യകുടുംബത്തിൽപ്പെട്ട തൊട്ടാവാടി (Mimosa Pudica Linn). നമ്മുടെ തൊടിയിലും വഴിയരികിലും ധാരാളം കണ്ടുവന്നിരുന്ന ഈ ചെടിയുടെ ഔഷധ ഗുണത്തെക്കുറിച്ച് മിക്കവർക്കും അറിവില്ല എന്നതാണ് യാഥാർഥ്യം. ഇതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ബാഹ്യമായ ഏതു സ്പർശനത്തോടും ഇതിന്റെ ഇലകൾ പ്രതികരിക്കുന്നു. അതായതു ഇലകൾ വാടിയ പോലെ കൂമ്പുന്നു. പടര്‍ന്നു പിടിക്കുന്ന ഈ സസ്യത്തിന്റെ മുള്ളു കൊള്ളാത്തവര്‍ ഉണ്ടാകില്ല. ഇതിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗയോഗ്യമാണ്. അലര്‍ജി മുതല്‍ ക്യാന്‍സര്‍ വരെയുള്ള ചികിത്സയില്‍ ഇവ ഉപയോഗിക്കുന്നുണ്ട്.
ഇല തണ്ടിനോട് ചേരുന്ന ഭാഗത്ത് സൂക്ഷിച്ചു നോക്കിയാൽ മുഴച്ചിരിക്കുന്നത് കാണാം. ഈ ഭാഗത്ത് കനം കുറഞ്ഞ കോശഭിത്തിയുള്ള ധാരാളം കോശങ്ങളുണ്ട്. അവ വെള്ളം സ്വീകരിച്ച് വീർത്തിരിക്കുന്നു. വെള്ളം വെളിയിൽ പോയാൽ അവ ചുരുങ്ങുന്നു. തൊട്ടാവാടിയുടെ ഇലകൾ സ്പർശനത്തിനു നേരെ പ്രതികരിക്കും. സ്പർശിക്കുമ്പോൾ ഭിത്തിക്ക് കനം കുറഞ്ഞ കോശങ്ങളിലെ ജലം തണ്ടിലേക്ക് കയറും. അതിന്റെ ഫലമായി കോശങ്ങൾ ചുരുങ്ങി ഉറപ്പുപോയി ചുരുളുന്നു. ഏത് വസ്തു തൊട്ടാലും ഇലകൾ അങ്ങനെ ചുരുളും. എന്തു വസ്തുവും ഈ പ്രവർത്തനത്തിനു കാരണമാകാം. ഈ ചുരുളൽ ഏതാനം സെക്കന്റുകൾ കൊണ്ട് പൂർണ്ണമാകും. പിന്നീട് അര മണിക്കൂറോളം കഴിഞ്ഞേ ഇലകൾ വിടർന്ന് പൂർണ്ണാവസ്ഥയിലാകൂ. ഒരു മീറ്ററോളം നീളത്തിൽ പടർന്ന് കിടക്കുന്ന രീതിയിലാണ് തൊട്ടാവാടി കാണപ്പെടുന്നത്. നൈസർഗികമായ പരിതഃസ്ഥിതിയിൽ ചതുപ്പ്, മൈതാനം, റോഡുകൾ എന്നിവിടങ്ങളിൽ തൊട്ടാവാടി കണ്ടുവരുന്നു.
ബ്രസീൽ ആണ് ജന്മദേശമെങ്കിലും ഇന്നു ഭൂമധ്യരേഖാപ്രദേശങ്ങളിൽ പരക്കെ കാണപ്പെടുന്നു. ബ്രസീലിൽ നിന്ന് പോർച്ചുഗീസ് ചരക്കുകപ്പലുകൾ ഫല സസ്യങ്ങൾ കൊണ്ടുവന്ന കൂട്ടത്തിൽ അബദ്ധത്തിൽ കയറിപ്പോന്നതാണ് തൊട്ടാവാടി. ഒരു അധിനിവേശസസ്യം കൂടിയാണിത്.
ഔഷധഗുണം
ബാഹ്യവസ്തുക്കളോടുള്ള പ്രതികരണത്തിന്റെ വേഗതയിൽ നിന്നാണ് തൊട്ടാവാടിയിലെ ഔഷധമൂല്യം കണ്ടെത്തിയതെന്നു പറയപ്പെടുന്നു. ബാഹ്യ വസ്തുക്കളുടെ ഇടപെടൽ മൂലമുണ്ടാകുന്ന മിക്ക അലർജികൾക്കും തൊട്ടാവാടി ഒരു ഔഷധമാണ്. ആയുർ വ്വേദ വിധി പ്രകാരം ശ്വാസ വൈഷമ്യം, വ്രണം, എന്നിവ ശമിപ്പിക്കുന്നതിനും. കഫം ഇല്ലാതാക്കുന്നതിനും, രക്തശുദ്ധി ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു. തൊട്ടാവാടിയുടെ നീര് കൈപ്പുള്ളതാണ്. ലഘു, രൂക്ഷം എന്നീ ഗുണങ്ങളോടു കൂടിയ ഈചെടിയുടെ വീര്യം ശീതമാണെന്നാണ് വിധി. ഇതിന്റെ വേരിൽ 10% ടാനിൻ അടങ്ങിയിരിക്കുന്നു. ഇതിന്റെ വിത്തില്‍ ഗാലക്ടോസ്, മനോസ് എന്നിവയുമുണ്ട്. 
തൊട്ടാവാടി സമൂലം പറിച്ചെടുത്ത കഴുകി വൃത്തിയാക്കി കൊത്തിയരിഞ്ഞ് നെല്ല് കുത്തിയ അരിക്കൊപ്പം ചേർത്ത് കഞ്ഞിവെച്ച് കുടിച്ചാൽ ഞരമ്പുകൾക്ക് ശക്തി വർധിക്കും.
പ്രസിദ്ധ ആയുർവേദ ഗ്രന്ഥമായ ഭാവപ്രകാശ നിഘണ്ടുവിൽ തൊട്ടാവാടിയെ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു:
'ലജ്ജാലു: ശീതളാ തിക്താ കഷായാ കഫ പിത്ത ജിത്
രക്തപിത്തമതിസാരം യോനിരോഗാൽ വിനാശയേതു.'
ഒറ്റമൂലി എന്ന നിലയിൽ തൊട്ടാവാടി എങ്ങനെയൊക്കെ ഉപയോഗപ്രദമാണ് എന്ന് നോക്കാം.
മുറിവ്
ഇല ഇടിച്ചുപിഴിഞ്ഞ നീർ വെള്ളം ചേർക്കാതെ പുരട്ടിയാൽ മുറിവ് ഉണങ്ങുന്നതാണ്.
സന്ധി വേദന

തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ നീര് തേന്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും കഴിക്കുന്നത് സന്ധിവേദന മാറ്റി തരും.
ചുമയ്ക്ക്
ഇതിന്റെ വേര് ഉണക്കി പൊടിച്ചത് കഫത്തിനും ചുമയ്ക്കും പരിഹാരം നല്‍കും.
പ്രമേഹം
സമൂലം ഇടിച്ചു പിഴിഞ്ഞ ചാർ രാവിലെയും വൈകീട്ടും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും, ബി.പി, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ മാറ്റാനും സഹായിക്കും.
അലർജി
ചതച്ചുനീരെടുത്തു എണ്ണ കാച്ചിതേക്കുകയും, കുടിക്കുകയും ചെയ്‌താൽ തൊലിപ്പുറത്തെ അലർജി മാറിക്കിട്ടുന്നതാണ്.
വിഷജന്തുക്കൾ കടിച്ചാൽ
വിഷാംശം അകറ്റാന്‍ ഇഴജന്തുക്കള്‍, പ്രാണികള്‍ എന്നിവ കടിച്ചാൽ സമൂലം അരച്ച് കടിച്ച സ്ഥലത്തു പുരട്ടിയിടുന്നത് നല്ലതാണ്.
രക്തസ്രാവം
സമൂലം ഇടിച്ചുപിഴിഞ്ഞ നീര്, തേനുംകൂട്ടി സേവിച്ചാൽ ആർത്തവസമയത്തെ രക്തസ്രാവത്തിനു കുറവുണ്ടാക്കുന്നതാണ്.
മൂലക്കുരു
തൊട്ടാവാടി പൊടി പാലില്‍ കലക്കി കുടിക്കുന്നത് മൂലം മൂലക്കുരു മാറ്റാം.
ശരീരത്തിന്
5 മില്ലി തൊട്ടാവാടി നീരും, 10 മില്ലി കരിക്കിൻ വെള്ളവും ചേർത്ത് ദിവസത്തിൽ ഒരു നേരം വീതം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.
രക്തശുദ്ധി
രക്തശുദ്ധിക്കും, മഞ്ഞപ്പിത്തത്തിനും തൊട്ടാവാടി ഉപയോഗ്യമാണ്.
കൊളസ്‌ട്രോള്‍
പേരയ്ക്ക ഇല, കറിവേപ്പില ഇവ ചേര്‍ത്ത് ഗോതമ്പ് കഞ്ഞിയില്‍ തൊട്ടാവാടി ജ്യൂസ് ചേര്‍ത്ത് കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാം.
ഉറക്കമില്ലായ്മ
അഞ്ച് ഗ്രാം തൊട്ടാവാടി ഇല വെള്ളത്തിലിട്ട് തിളപ്പിച്ച് കിടക്കുന്നതിനുമുന്‍പ് കുടിക്കുന്നത് ഉറക്കമില്ലായ്മയ്ക്ക് പരിഹാരമാകും.
ആസ്തമ
ചൂടുവെള്ളത്തില്‍ ഇതിന്റെ ജ്യൂസ് ഒഴിച്ച് ഇടയ്ക്കിടെ കുടിക്കുന്നത് ആസ്ത പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. കരിക്കിൻവെള്ളത്തിന്റെ കൂടെ ഇതിന്റെ നീരും ചേർത്ത് കുട്ടികൾക്ക് കൊടുത്താൽ ശ്വാസംമുട്ട് മാറുന്നതാണ്.
മുറിവുകള്‍ക്ക്
മുറിവുകള്‍, വ്രണങ്ങള്‍ എന്നിവ ഉണങ്ങാന്‍ ഇത് അരച്ചു പുരട്ടുന്നത് നല്ലതാണ്.
ഇനിയെങ്കിലും ഇതിനെ വെട്ടി നശിപ്പിക്കാതെ ജീവിക്കാൻ അനുവദിക്കൂ. നിങ്ങളായിട്ടു നടേണ്ടതില്ല, നനക്കേണ്ടതില്ല, വളം ചെയ്യേണ്ട, ഒന്നും തന്നെ വേണ്ട. തൊടിയിലും വഴിയോരങ്ങളിലും ഒക്കെ അത് വളരട്ടെ. ആടുകൾക്കിത് ഇഷ്ടവിഭവമാണ്. അതുപോലെ തന്നെ പശുക്കൾക്കും.
Comments
Post a Comment