Skip to main content

ആയുർവേദം - ധൂമപാനം

പുകയ്ക്കലും പുകവലിയും


ധൂമം - രോഗ പ്രതിരോധത്തിന് !


അതെ, ധൂമം എന്നാല്‍ പുക തന്നെ. ആയുർവേദം പുകയേയും ആവിയേയും വരെ രോഗ പ്രതിരോധത്തിനായി ഫലപ്രദമായി ഉപയോഗിക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഒരു ചികിത്സാപദ്ധതി എന്നതിലുപരി ഏതൊരു വ്യക്തിക്കും പിന്തുടരാവുന്ന ജീവിത ശൈലീ മാർഗ്ഗമായി ആയുർവേദം ഇന്നും നിലനില്ക്കുന്നതും ഇത്തരം ലളിതമായ പ്രയോഗങ്ങളുള്ളതു കൊണ്ട് തന്നെ. ആയുര്‍വേദത്തില്‍ ഒരു വ്യക്തിയുടെ ദേഹം അല്ലെങ്കില്‍ ശരീരം, അവന്‍റെ വാസസ്ഥലം ഇവ രണ്ടും 'ദേശം' എന്ന പദത്തില്‍ സംഗ്രഹിച്ചിരിക്കുന്നു. ഈ രണ്ട് തലങ്ങളെയും രോഗമുക്തമായി സംരക്ഷിക്കുവാന്‍ ധൂമം ഉപയോഗിച്ചുകൊണ്ട് ശരീരത്തിന് 'ധൂമപാനം' എന്നും, വാസസ്ഥലത്തിന് 'ധൂപനം' എന്നും രണ്ട് ക്രിയകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

ധൂമപാനം


പുകവലി എന്നത് ഏവർക്കും സുപരിചിതമാണല്ലോ? അതിന്‍റെ ദൂഷ്യവശങ്ങളും പരിചിതം തന്നെ. ആയുര്‍വേദത്തിലനുശാസിക്കുന്ന ധൂമപാനം എന്ന പ്രക്രിയ പുകവലി എന്ന ദുശ്ശീലമാണെന്ന് തെറ്റിദ്ധരിക്കരുതേ. ഔഷധമോ ഔഷധക്കൂട്ടോ അരച്ചുണക്കി തിരിയാക്കി (ധൂമവര്‍ത്തി) അതില്‍ നിന്നുണ്ടാകുന്ന പുകയെ ഒരു കുഴലിലൂടെ (ധൂമനേത്രം) മൂക്കിലൂടെയും വായിലൂടെയും പാനം ചെയ്യുന്ന ക്രിയയാണ് ധൂമപാനം. ഇതിനായി പൊതുവെ മഞ്ഞള്‍ പോലുള്ള അണുനാശക ശക്തിയുള്ളതും കഫശമനവും സുഗന്ധദായകങ്ങളുമായ ഏലാദിഗണത്തില്‍പ്പെടുന്ന ഔഷധങ്ങളും ഉപയോഗിക്കുന്നു.

ധൂമപാനം എന്തിനാണ് ചെയ്യുന്നത്?

ശരിയായ ധൂമപാനത്താല്‍ മൂക്ക്, വായ എന്നിവ ശുദ്ധമാകുന്നതോടൊപ്പം ശിരസ്സ്, സൈനസുകള്‍, ശ്വസനപഥം എന്നിവ ഒന്നാകെ തടസ്സരഹിതമായി പ്രവർത്തനക്ഷമമായി തീരുന്നു. തലയോട്ടിക്കും കണ്ണ്-മൂക്ക് എന്നീ ഇന്ദ്രിയങ്ങള്‍ക്കും സ്വരത്തിനും ബലമേറും. കഴുത്തിന് മുകളിലേക്കു ഉണ്ടാകുവാന്‍ സാധ്യതയുള്ള വാത-കഫ സംബന്ധിയായ വലിയ രോഗങ്ങളില്‍ നിന്നും മുക്തി ലഭിക്കുന്നു. കൂടാതെ, തലക്കനം, തലവേദന, ചെന്നിക്കുത്ത് കണ്ണിനും ചെവിക്കുമുണ്ടാകുന്ന വേദന, കണ്ണില്‍ നിന്നും ചെവിയില്‍ നിന്നും വെള്ളം വരിക മൂക്കൊലിപ്പ്, തുമ്മല്‍, പല്ലിളക്കം, പല്ല് വേദന, വായ്നാറ്റം, അരുചി കഴുത്തിനുണ്ടാകുന്ന പിടുത്തം, സ്വരഭേദം, ചുമ, ശ്വാസംമുട്ട്, ടോണ്‍സിലൈറ്റിസ് മുടി കൊഴിച്ചില്‍, മുടി ചെമ്പിയ്ക്കല്‍ ഓര്‍മ്മക്കുറവ്, അതിയായ ഉറക്കം, മടി എന്നിവയ്ക്ക്  ആശ്വാസം ലഭിക്കും. പഞ്ചകര്‍മ്മങ്ങളിലെ വമന-നസ്യാനന്തരം നുലവ് മാറ്റുവാനും വദനശുദ്ധിയ്ക്കായും ധൂമപാനം പ്രയോഗിയ്ക്കുന്നു. 

ധൂമപാനം  ചെയ്യുന്ന വിധം


ആദ്യം ശരീരവും മനസ്സും സ്വസ്ഥമാക്കി നട്ടെല്ല് നിവര്‍ത്തിയിരുന്ന് ഇടത്തെ നാസാദ്വാരം അടച്ച് വലത്തെ നാസാദ്വാരത്തിലൂടെ ഔഷധധൂമം ഉള്ളിലേക്കെടുത്ത് വായിലൂടെ പുറത്തേക്ക് വിടുന്നു. അതുപോലെതന്നെ വലത്തെ നാസാദ്വാരം അടച്ച് ഇടത്തെ നാസാദ്വാരത്തിലൂടെ ധൂമം ഉള്ളിലേക്കെടുത്ത് വായിലൂടെ പുറത്തേക്ക് വിടുന്നു. അവസാനമായി വായിലൂടെ ധൂമത്തെ ഉള്ളിലേക്ക് എടുത്ത് വായിലൂടെ തന്നെ പുറത്തേക്ക് വിടുന്നു. 

ഇതാണ് ധൂമപാനത്തിന്‍റെ ഒരു ആവര്‍ത്തി. ഈ ചികിത്സ നിര്‍ദ്ദേശിക്കുന്ന വൈദ്യന്‍ രോഗിയുടെയും രോഗത്തിന്‍റെയും മരുന്നിന്‍റെയും സവിശേഷതകള്‍ കണക്കിലെടുത്ത് ഈ പ്രക്രിയ എത്ര ആവര്‍ത്തി ചെയ്യണം എന്ന് നിശ്ചയിക്കുന്നു. 

ധൂമപാനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


മൂക്കിലൂടെയും വായിലൂടെയും ഉള്ളിലേക്ക് സ്വീകരിക്കുന്ന പുകയെ വായിലൂടെ മാത്രമേ പുറത്തേക്ക് വിടാവൂ. മൂക്കിലൂടെ പുറത്ത് വിടുന്നത് കണ്ണിന് ദോഷകരമാണ്. 
നിത്യേന പകല്‍ സമയത്ത് രണ്ടു തവണ ധൂമപാനം ചെയ്യുവാന്‍ വിധിയുണ്ട്. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഉറക്കം, കുളി, ഊണ്, പല്ലുതേപ്പ്, തുമ്മല്‍, നസ്യം, അഞ്ജനം എന്നിവക്ക് ശേഷം ഇത് പ്രയോഗിക്കുവാനും പറഞ്ഞുകാണുന്നു. എന്നാല്‍ ഇപ്പ്രകാരത്തില്‍ ഒരു ശീലം പോലെ ചെയ്യുന്ന ധൂമപാനം അത്യന്തം ശ്രദ്ധയോടെ വൈദ്യന്‍റെ നിര്‍ദേശപ്രകാരം മാത്രം സ്വസ്ഥനായ ഒരു വ്യക്തിക്ക് വിധിച്ചിട്ടുള്ളതാണ്. സൂക്ഷിച്ചില്ലെങ്കില്‍ സ്വസ്ഥത നഷ്ട്ടപ്പെടാന്‍ അധികം സമയം വേണ്ട.
12 വയസ്സ് മുതൽ 80 വയസ്സ് പരിധിയിലുള്ളവര്‍ക്ക് അല്ലാതെ ആയുര്‍വേദ ധൂമപാന പ്രക്രിയ സാമാന്യമായി നിഷിദ്ധമാണ്. അകാലത്തും അധികമായും ചെയ്യുന്ന ധൂമപാനം ഗൗരവമേറിയ രോഗങ്ങളിലേക്ക് വഴിമാറും.

ധൂമപാനം തികച്ചും ഒഴിവാക്കേണ്ടവര്‍

  • പാല്, നെയ്യ്, തേൻ, മദ്യം ഇവ സേവിച്ച ഉടനെയും തൈര് കൂട്ടി ഊണ് കഴിച്ച ഉടനെയും. 
  • പ്രമേഹമുള്ളവര്‍, തിമിരമുള്ളവര്‍, മോഹാലസ്യം, തലചുറ്റലുള്ളവര്‍, വെള്ളം ദാഹം ഉള്ളവര്‍.
  • വിരേചനം ചെയ്ത വ്യക്തി, വസ്തികര്‍മ്മം ചെയ്ത വ്യക്തി.
  • ശാരീരികമായും മാനസികമായും ക്ഷീണിച്ചവര്‍.
  • ഗര്‍ഭിണികള്‍, അടി-ഇടി എന്നീ ശരീരക്ഷതമേററിട്ടുള്ളവര്‍
  • തലയ്ക്ക് ക്ഷതമേറ്റിട്ടുള്ളവര്‍, ഒഴിവാക്കുവാന്‍ പറഞ്ഞിട്ടുള്ളവര്‍, 
വൈദ്യനിര്‍ദ്ദേശപ്രകാരം അല്ലാതെ ധൂമപാനം ചെയ്യുവാന്‍ ശ്രമിക്കരുത്. 

ധൂമവര്‍ത്തിയും ധൂമനേത്രവും


പുകയ്ക്കാനുള്ള തിരിയാണ് ധൂമവര്‍ത്തി. ഇത് പല രീതിയിലും പല ഔഷധങ്ങള്‍ ചേര്‍ത്തും നിര്‍മ്മിക്കാം. എന്നാല്‍ സ്വസ്ഥനായ ഒരാള്‍ക്ക്‌ വൈദ്യന്‍ പരിശോദ്ധിച്ച് ലളിതമായി ഉണക്കമഞ്ഞള്‍ പ്രധാനമായും ചേര്‍ത്തും മറ്റും സ്വയം തിരി നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം നല്‍കാറുണ്ട്. ഇത് പൊതുവേ നെയ്യിലോ എള്ളെണ്ണയിലോ മുക്കിയെടുത്ത് കത്തിച്ചാണ് ഉപയോഗിക്കുന്നത്.

ഇത്തരത്തില്‍ ലളിതമായി ചെയ്യുവാന്‍ പഴുക്ക പ്ലാവില കുമ്പിള്‍ കുത്തിയെടുത്ത് ധൂമനേത്രം നിര്‍മ്മിക്കാം. ക്ലിനിക്കുകളിലും ആശുപത്രികളിലും ഇതിനായി പ്രത്യേകം സംവിധാനങ്ങളും ഉപകരണങ്ങളും ഉണ്ട്. ധൂമനേത്രത്തിലൂടെ വരുന്ന പുക മുന്‍പറഞ്ഞ വിധി പ്രകാരം ധൂമപാനത്തിനായുപയോഗിക്കുന്നു. ഇത്തരത്തില്‍ ഒരു വ്യക്തി ഉപയോഗിയ്ക്കുന്ന തിരി മറ്റൊരാളുമായി പങ്കിടാന്‍ പാടുള്ളതല്ല.

ധൂപനം

വ്യക്തിഗത ശുദ്ധിക്കും പ്രതിരോധത്തിനുമായുളള ധൂമപാനത്തെ പരിചയപ്പെടുതിയല്ലോ. നമ്മള്‍ ജീവിക്കുന്ന പരിസരത്തിനും ഇതിനു സമാനമായ ശുദ്ധീകരണവും അണുനശീകരണവും അനിവാര്യമാണ്. അതിനായാണ് ധൂപനം അല്ലങ്കില്‍ പുകയ്ക്കല്‍ എന്ന പ്രക്രിയ.

വീടുകളിലും പ്രാര്‍ത്ഥനാലയങ്ങളിലും പുകയ്ക്കുന്നത് നാം പലരും കണ്ടു കാണും. വായുവിനെ സുഗന്ധമയമാക്കുവാന്‍ മാത്രമാണോ അത്? ഈ COVID 19 വന്നതോടെ ധൂപനം അഥവാ പുകയ്ക്കലിന് രോഗപ്രതിരോധത്തിലും ഉത്തമ സ്ഥാനമുണ്ടെന്ന് മനസ്സിലാക്കുവാന്‍ ഇടവന്നു. ആയുഷ് വിഭാഗം മുന്നോട്ടുവച്ച പ്രതിരോധ നടപടികളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു 'അപരാജിത ധൂമചൂര്‍ണ്ണം' ഉപയോഗിച്ചുള്ള ധൂപനം. ചില ഔഷധങ്ങള്‍ പുകയ്ക്കുന്നതിലൂടെ അന്തരീക്ഷത്തിലെ കീടാണുക്കളുടെ അളവ് ഗണ്യമായി കുറയുന്നതായും പലതിനും വീര്യം നഷ്ടപ്പെടുന്നതായും ആധുനിക പഠനങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും തെളിഞ്ഞിട്ടുണ്ട്. അപരാജിത ധൂമചൂര്‍ണ്ണം എന്ന ഔഷധക്കൂട്ട് ഗവേഷണാനന്തരം വായുവിനെയും ധൂമം ഏല്‍ക്കുന്ന പ്രതലങ്ങളേയും അണുവിമുക്തമാക്കുവാനുള്ള പ്രകടമായ ശക്തി തെളിയിച്ചതിലൂടെ ആണ് ഇത്തരം അടിയന്തിര ഘട്ടങ്ങളിലെ പ്രധാനിയായി മാറിയത്. കുട്ടികളിലും പ്രായമേറിയവരിലും ധൂമപാനം നിഷേധിച്ചിട്ടുണ്ട്, ധൂപനം ഇതിനൊരു പരിഹാരമാണ്. ഇവര്‍ ഉറങ്ങുമ്പോള്‍, വിശ്രമിയ്ക്കുമ്പോള്‍ ആ മുറിയില്‍ അല്ലെങ്കില്‍ ഇവര്‍ സ്വസ്ഥമായി സമയം ചെലവഴിക്കുന്ന ഭാഗത്ത് കുറച്ച് സമയത്തേക്ക് കുന്തിരിക്കം, മഞ്ഞള്‍, പനികൂര്‍ക്ക, തുളസി എന്നിവ ധൂപനത്തിനായി ഉപയോഗിക്കാവുന്നതാണ്. പുകയുടെ രൂക്ഷത കുറയ്ക്കുവാന്‍ അല്പം നെയ്യോ നല്ലെണ്ണയോ ഒഴിച്ച് പുകയ്ക്കുന്നതാണ് ഉത്തമം.

ധൂപനം എന്ന ക്രിയ ആചാര്യന്മാര്‍ ജ്വരം, പ്രസവമുറി സജ്ജീകരണം, നവജാത ശിശു പരിചരണം, വ്രണചികിത്സ, ത്വക്ക്രോഗങ്ങള്‍ എന്നീ അവസ്ഥകളില്‍ അണുനാശകമായും അര്‍ശസ്സിലും ഗര്‍ഭസംഗത്തിലും (പ്രസവം നടക്കാതെ ഗര്‍ഭം തടഞ്ഞ് നില്‍ക്കുന്ന അവസ്ഥ), അപരാ (placenta) സംഗത്തിലും ഞരമ്പുകളുടെ അഥവാ രക്തക്കുഴലുകളുടെ വികാസത്തിനായും അങ്ങിനെ വേദന ശമിപ്പിക്കുവാനും അപസ്മാര ഉന്മാദങ്ങളില്‍ (ചില മാനസിക രോഗങ്ങളില്‍) നാഡികളെ ഉണര്‍ത്തുവാനും മനസ്സിനെ ശാന്തമാക്കുവാനും അവസ്ഥാനുസരണം ദ്രവ്യങ്ങള്‍, ഔഷധങ്ങള്‍ ഉപയോഗിച്ച് അനുഷ്ഠിക്കുവാന്‍ വിധിച്ചിരിക്കുന്നു. അതായത് ധൂപനം കേവലം വായു ശുദ്ധീകരണം അല്ല, അതിന് നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുവാനുമാകും എന്ന് മനസ്സിലാക്കാം.

വീടുകളില്‍ നിത്യവും പുകയ്ക്കുന്നത് വീടും അന്തരീക്ഷവും ശുദ്ധവായുവിനാല്‍ സംപുഷ്ടമാകുവാനും അതുവഴി നമ്മളുടെ ശ്വസനപഥം ശുദ്ധമാകുവാനും നാഡീവ്യൂഹങ്ങള്‍ കര്‍മ്മോത്സുകമാകുവാനും ശുദ്ധ രക്തചംക്രമണത്താല്‍ ശരീരത്തിലെ എല്ലാ അവയവ വ്യവസ്ഥകളും ഉന്‍മേഷവാനായ് മനസ്സന്തുഷ്ടിയോട് കൂടി ആരോഗ്യപൂര്‍ണ്ണമായ ജീവിതം ആസ്വദിക്കുവാന്‍ പ്രാപ്തരാകും.

നിത്യം പുകയ്ക്കുവാനായി മാര്‍ക്കറ്റില്‍ ലഭ്യമായ അപരാജിത ധൂമചൂര്‍ണ്ണം കൂടാതെ, മഞ്ഞള്‍, തുളസി, ആര്യവേപ്പില, പനികൂര്‍ക്ക, കണിക്കൊന്നയില, കായം, പെരുംജീരകം, കുരുമുളക്, രാമച്ചം, എരുക്ക് ഇവയില്‍ ലഭ്യമായവ ഉപ്പ്, നെയ്യ് ഇവയോട് ചേര്‍ത്ത്  കനലില്‍ ചേര്‍ത്ത് പുകച്ചും അണുവിമുക്ത ആരോഗ്യദായകമായ അന്തരീക്ഷം ആസ്വദിക്കാവുന്നതാണ്.

ഇങ്ങനെ വിധിക്കനുസരിച്ച് ശ്രദ്ധയോടെ നിശ്ചിത കാലദൈര്‍ഘ്യത്തില്‍ ഉപയോഗിച്ചാല്‍ പുകയിലൂടെയും നമുക്ക് ആരോഗ്യം നേടാം. 

അണുനശീകരണം ഏറെ പ്രസക്തമായ ഈ കാലഘട്ടത്തിൽ ആയുർവേദം അനുശാസിക്കുന്ന ധൂപന ധൂമപാന വിധികളിലൂടെ നമുക്ക് സ്വസ്ഥരായിരിക്കാം.

സ്വസ്ഥമായിരിക്കാം ഏറ്റവും ലളിത മാർഗ്ഗങ്ങളിലൂടെ...                    

ശുദ്ധമായ പുകയിലൂടെ..ആയുർവേദത്തിലൂടെ.

ഈ പുകവലിയും പുകയ്ക്കലും ആരോഗ്യത്തിന് ഗുണകരമാണ് !

By

Dr. Sarika Menon

BAMS, Ayurveda Consultant- Vanamali Ayurveda Clinic, Thripunithura. drsarikamenon@gmail.com

Comments

Popular posts from this blog

കാർഷികം - കാർഷിക കലണ്ടർ

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ  പച്ചക്കറികൾ നടുന്നതിനുള്ള  ഏകദേശ സമയക്രമം  ജനുവരി മുളക്,     വഴുതന, തക്കാളി , പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,       ചീര, പയർ ഫെബ്രുവരി വഴുതന, തക്കാളി, വെണ്ട, ചീര, പയർ മാർച്ച് തക്കാളി, വെണ്ട, ചീര, പയർ ഏപ്രിൽ മുളക്,         പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,     ചീര, പയർ മെയ് മുരിങ്ങ , മുളക്,   വഴുതന, ചീര, പയർ , ചേമ്പ് , ചേന ജൂൺ മുരിങ്ങ , മുളക്,   വഴുതന, വെണ്ട, ചീര, പയർ , ചേമ്പ് , ചേന ജൂലൈ വെണ്ട, പയർ ആഗസ്ത് മുളക്,     ചീര, പയർ സെപ്റ്റംബർ മുളക്,     വഴുതന, തക്കാളി , പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,       ചീര, പയർ ഒക്ടോബർ കാബേജ്, കോളിഫ് ‌ ളവർ , വഴുതന, തക്കാളി , വെണ്ട, ചീര, പയർ , ചേമ്പ് നവംബർ കാബേജ്, കോളിഫ് ‌ ളവർ ,     വെണ്ട, ...

കാർഷികം - ചേന

മലയാളിയുടെ തീൻ മേശയിലെ കരുത്തനാണ്, ചൊറിയനെങ്കിലും ചേന. വെറുതേ അല്ല ചൊറിച്ചിൽ.  നമ്മുടെ ശരീരത്തെ കരുത്തുറ്റതാക്കാനുള്ള കാൽസ്യം ഓക്സലേറ്റിന്റെ നിറകലാപമാണ് ചൊറിച്ചിലിന്റെ പിന്നിൽ . സഹിച്ചേ പറ്റു. നട്ടാലേ നേട്ടമുള്ളൂ  ഇനി അതല്ല,  ചൊറിച്ചിൽ വേണ്ടേ?  വേണ്ട... മ്മ്ടെ ഗജേന്ദ്രയോ, ശ്രീ പദ്മയോ നട്ടോളൂ. കാൽസ്യം അല്പം കുറഞ്ഞാലും വേണ്ടില്ല ചൊറിച്ചിൽ തീരെ കമ്മി.  ഇത് എവിടെ കിട്ടും?  ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിൽ അന്വേഷിച്ച് നോക്കാം..(അവിടെ ഇല്ലെങ്കിൽ എന്നെ തെറി വിളിക്കരുത്, ). മലയാളിയുടെ ക്ഷാമ ഭൂതകാലത്തിൽ എരിവയറുകൾക്ക് കൂട്ടായി നിന്ന ഭക്ഷണമാണ് കിഴങ്ങ് വർഗ വിളകൾ.  കപ്പയും ചേനയും കാച്ചിലുമൊക്കെ. 'ചേനേം കാച്ചിലും മുമ്മാസം' ആയിരുന്നു അക്കാലം. അവിടെ നിന്നും 'സ്വിഗ്ഗിയും സൊമാറ്റോയും എക്കാലവും'  എന്ന നിലയിലേക്ക് മാറിയിട്ടുണ്ട് കാര്യങ്ങൾ. പുകയാത്ത അടുപ്പുകൾ ഉള്ള നവ കേരളം.    ചേനയോടേറ്റുമുട്ടാൻ ആരുണ്ട് ഈ നാട്ടിൽ? വാ.. ഇങ്ങ് കേരളത്തിലേക്ക്... പ്രമേഹിയാണോ?സന്തോഷം..ചേനയ്ക്ക് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ് . ധൈര്യമായി തട്ടിക്കോ..  കൂടിയ രക്...

കാർഷികം - ഞാറ്റുവേല

ഞാറ്റുവേല സൂര്യന്റെ സഞ്ചാര പഥവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ  വിശ്വാസ പ്രകാരം 27  നക്ഷത്രങ്ങളാണ് ഉള്ളത്. ഓരോ സമയത്തു സൂര്യൻ ഏതു നക്ഷത്രത്തിന് നേരെയാണോ സ്ഥിതി ചെയ്യുന്നത് ആ ഞാറ്റുവേല അപ്പോൾ ആ നക്ഷത്രത്തിന്റെ പേരിൽ അറിയപ്പെടുന്നു. അതുകൊണ്ടുതന്നെ 27 ഞാറ്റുവേലകളാണ് ഉള്ളത്. അതുപോലെതന്നെ ഓരോ ഞാറ്റുവേലയുടെയും ദൈർഘ്യം 13.5 ദിവസങ്ങൾ ആണ്. അതായതു ഒരു വർഷം 365  ദിവസം. ഇതിനെ ആകെ ഞാറ്റുവേലകളുടെ എണ്ണം (27) കൊണ്ട് ഹരിച്ചാൽ നമുക്ക് 13.5 എന്ന് കിട്ടുന്നു. ഞാറ്റുവേല ചക്രം  ഞാറ്റുവേല കലണ്ടർ മലയാള മാസം നക്ഷത്രം മേടം അശ്വതി, ഭരണി, കാർത്തിക1/4 ഇടവം കാർത്തിക3/4 , രോഹിണി മകീര്യം1/2 മിഥുനം മകീര്യം1/2 , തിരുവാതിര,പുണർതം ¾ കർക്കിടകം പുണർതം¼ ,പൂയ്യം, ആയില്യം ചിങ്ങം മകം, പൂരം, ഉത്രം ¼ കന്നി ഉത്രം ¾, അത്തം, ചിത്ര ½ തുലാം ചിത്ര ½, ചോതി, വിശാഖം ¾ വൃശ്ചികം വിശാഖം ¼ , അനിഴം,തൃക്കേട്ട ധനു മൂലം, പൂരാടം, ഉത്രാടം ¼ മകരം ഉത്രാടം ¾ , തിരുവോണം, അവിട്ടം ½ കുംഭം അവിട്ടം ½ , ചതയം, പൂരുട്ടാതി ¾ മീനം പൂരുട്ടാതി ¼, ഉതൃട്ടാതി, രേവതി അശ്വതി ഞാറ്റുവേല  വിരിപ്പ് കൃഷിക്ക്...