ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ എല്ലാം ഉണ്ടെങ്കിലും സദ്യയും, പായസവും ഇല്ലാതെ എന്താഘോഷം. അതിഥി സൽക്കാരങ്ങൾക്ക് മാറ്റുകൂട്ടാൻ ചോറും കറികളും പാകംചെയ്യുമ്പോൾ പലപ്പോഴും ആവശ്യമുള്ളതിനേക്കാൾ അധികമാകുകയാണ് പതിവ്. "പാഴായി പോകാതെ പശുവിൻറെ വയറ്റിൽ പോകട്ടെ" എന്നതാണല്ലോ പലപ്പോഴും നടപ്പുശീലം. ഇതേ കാരണം കൊണ്ടുതന്നെ ഓണം പിന്നിടുമ്പോഴേയ്ക്കും കർഷകരിൽ ഭൂരിപക്ഷത്തിന്റെയും ആടുമാടുകൾ കിടപ്പാകുന്നു.
അസുഖ കാരണം കൊടുക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്നത് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. ഓണം പോലുള്ള ആഘോഷങ്ങൾ കഴിയുമ്പോഴേക്കും പശുക്കളിൽ വയർ പെരുക്കം, വയറിളക്കം, മയക്കം, പാൽചുരത്താതിരിക്കൽ ചിലപ്പോൾ മരണം പോലുമോ സർ വ്വ സാധാരണമാകാറുണ്ട്.
ദഹനവുമായി ബന്ധപ്പെട്ട പ്രസ്തുത പ്രശ്നത്തിന്റെ കാരണം അറിയണമെങ്കിൽ പശുവിന്റെ ദഹനപ്രക്രിയയെ കുറിച്ച് അറിയേണ്ടതുണ്ട്. മനുഷ്യരിൽ നിന്നും വ്യത്യസ്തമായി ആടുമാടുകളുടെ ആമാശയത്തിന് നാല് അറകളാണുള്ളത്. റൂമൻ, റെറ്റിക്കുലം, ഒമാസം, അബോമാസം എന്നിവയാണവ. ഇതിൽ മനുഷ്യന്റെ ആമാശയവുമായി ദഹനപ്രക്രിയയിൽ സാമ്യമുള്ളത് അബോമാസത്തിനാണ്.
കന്നുകാലികളുടെ ദഹനേന്ദ്രിയത്തിന് ഏകദേശം 180 അടിയോളം നീളം ഉണ്ടാകും. ഇതിൽ റൂമൻ എന്ന് അറയിലാണ് 70 ശതമാനം ആഹാരവും കെട്ടിക്കിടക്കുന്നത്. ഇതിന് 120 ലിറ്ററോളം ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. ആദ്യത്തെ മൂന്ന് അറകളിൽ 90 ശതമാനം ഖര വസ്തുക്കളും സൂക്ഷ്മാണുക്കളുടെ പ്രവർത്തനത്താൽ പുളിപ്പിക്കലിന് ( fermentation) വിധേയമാകുന്നു.
റൂമനിൽ മാത്രം 200 തരം ബാക്ടീരിയകളും, ഇരുപതിലേറെ ഇനം മറ്റ് സൂക്ഷ്മാണുക്കളും( protozoa) ദഹന പ്രക്രിയയിൽ ഭാഗഭാക്കാകുന്നു.
ഇവയുടെ എൻസൈമുകൾക്ക് മാത്രമേ സസ്യങ്ങളുടെ പ്രധാന ഘടകമായ സെല്ലുലോസിനെ ദഹിപ്പിക്കാനാകൂ. ഈ പുളിപ്പിക്കൽ പ്രക്രിയ വഴി ഖരവസ്തുക്കൾ കൊഴുപ്പിന്റെ അംശങ്ങളായും, കാർബൺ ഡയോക്സൈഡ്, അമോണിയ, മീഥേൻ എന്നീ വാതകങ്ങളുമായി മാറുന്നു. ഈ കൊഴുപ്പ് അമ്ലങ്ങളാണ് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്. കന്നുകാലികളുടെ ഊർജ്ജവും ശക്തിയും ഈ ഫാറ്റി ആസിഡുകളാണ്. ഈ സൂക്ഷ്മാണുക്കൾക്ക് പുല്ലും വയ്ക്കോലും അടങ്ങുന്ന ആഹാരപദാർത്ഥങ്ങൾ പുളിപ്പിക്കാൻ മാത്രമല്ല അവയിൽ നിന്നും പ്രോട്ടീനുകളും, ബികോംപ്ലക്സ് വിറ്റാമിനുകളും സൃഷ്ടിക്കുന്നതിനും കഴിയുന്നു.
ഈ സൂക്ഷ്മാണുക്കൾ നിലനിൽക്കാനും അവയുടെ വംശവർദ്ധനക്കും വേണ്ടി ചില പ്രത്യേക സാഹചര്യങ്ങളും അത്യാവശ്യമാണ്. റൂമനിലെ അമ്ലത( PH) 6-7 ആയിരിക്കണം. ഊഷ്മാവ് 38-42 ഡിഗ്രി വേണം. അമ്ലത നിയന്ത്രിക്കുന്നത് ഉമിനീരിലൂടെ വരുന്ന കാർബണേറ്റുകളും, ഫോസ്ഫേറ്റുകളുമാണ്. ഈ സന്തുലിതാവസ്ഥയ്ക്ക് തകരാർ സംഭവിക്കുമ്പോൾ ദഹനപ്രക്രിയയുടെ താളം തെറ്റും. വിഭജിച്ച് പെരുകുന്ന കോടിക്കണക്കിന് സൂക്ഷ്മാണുക്കൾ ആമാശയത്തിന്റെ നാലാം അറയിലും, ചെറുകുടലിലും ദഹിക്കപ്പെടുകയും ആഗിരണം ചെയ്യപ്പെടുകയുമാണ് രീതി. ഇവയിൽ നിന്നും പ്രോട്ടീനുകളും ബി കോംപ്ലക്സ് വൈറ്റമിനുകളും ലഭ്യമാകുന്നു.
റൂമൻ എന്ന വലിയ അറ മണിക്കൂറിൽ 45 മുതൽ 80 തവണ വരെ ശക്തമായി ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നു. അയവിറക്കലും ഉമിനീർ പ്രവാഹവും, അറയുടെ ചുരുങ്ങൽ വികാസവും എല്ലാം ചേർന്ന് ഉള്ളിലെ ജൈവ വസ്തുക്കൾ ഇളകി മറിയും. പ്രതിപ്രവർത്തനങ്ങളുടെ ഭാഗമായി നിരന്തരം ഉണ്ടാകുന്ന വാതകങ്ങൾ ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടും ( belching). ഇതിന് കഴിയാതെ വരുമ്പോഴാണ് വയർ പെരുക്കം ഉണ്ടാകുന്നത്.
അമിതമായ അന്നജം അടങ്ങിയ ചോറ്,കഞ്ഞി, പായസം, ധാന്യപ്പൊടികൾ, കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ ഉള്ളിൽ ചെന്നാൽ ഫാറ്റി ആസിഡുകൾ കൂടുതലായി ഉത്പ്പാദിപ്പിയ്ക്കപ്പെടുകയും അതോടെ റൂമന്റെ അമ്ലത വളരെ താഴ്ന്നു പോകുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി ലാക്ടിക് ആസിഡ് പുറപ്പെടുവിയ്ക്കുന്ന സൂക്ഷ്മാണുക്കൾ കൂടുതലായി ഉണ്ടാവുകയും,ലാക്ടിക് ആസിഡ് കൂടുകയും ചെയ്യുന്നു. ലാക്ടിക് ആസിഡ് കുറച്ചു വീര്യം കൂടിയതായതിനാൽ pH വീണ്ടും താഴ്ന്ന് ദഹനത്തെ ബാധിച്ച്, ശരീരത്തിനാവശ്യമുള്ള സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നു. ഇത് അസിഡോസിസ് എന്ന അപകടാവസ്ഥയിലേക്ക് നയിയ്ക്കുന്നു.
വയർ പെരുക്കം, പനി, തളർച്ച, വിശപ്പില്ലായ്മ, നടക്കാനുള്ള ബുദ്ധിമുട്ട്, വയറിളക്കം, നിർജലീകരണം, കുറഞ്ഞ പാലുല്പാദനം തുടങ്ങി പെട്ടെന്നുള്ള മരണംവരെ ഇതിനനുബന്ധമായി സംഭവിയ്ക്കുന്നു . ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് അടുത്തുള്ള വെറ്റിനറി സർജനെ ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ ഉറപ്പാക്കേണ്ടതാണ്.
നമ്മുടെ ആഘോഷങ്ങൾ ആവശ്യത്തിന് മാത്രം ഭക്ഷണം തയ്യാർ ചെയ്യുകയും അത് അശേഷം പാഴാക്കാതെ ഉപയുക്തമാകുന്നതും ആകട്ടെ. മനുഷ്യരുടേയും പശുക്കളുടേയും ആയുരാരോഗ്യം അങ്ങിനെയും ഉറപ്പാക്കാമല്ലോ.
by Dr. Sobha Satheesh
Comments
Post a Comment