Tuesday, 1 September 2020

കാർഷികം - ചീര

പോഷകസമ്പുഷ്ടവും ആരോഗ്യ പരിപാലനത്തിന് ധാരാളം സഹായിക്കുന്നവയുമാണ് ഇലക്കറികൾ. ഇലക്കറികളിൽ ഏറ്റവും പ്രധാനം ചീര തന്നെ. ഇലകൾക്കുവേണ്ടി മാത്രം കൃഷിചെയ്യുന്നതു കൊണ്ട് ഏറ്റവും കുറഞ്ഞകാലം കൊണ്ട് വിളവെടുക്കാവുന്നതും പരിചരണമുറകൾ താരതമ്യേന എളുപ്പമായതുമായ ഒരു വിളയാണ് ചീര. ഇലകളിൽ സമൃദ്ധമായി സൂര്യപ്രകാശം പതിക്കുന്ന സാഹചര്യവും, ആവശ്യത്തിന് പോഷകഗുണമുള്ള മണ്ണും എപ്പോഴും ഈർപ്പത്തിന്റെ സാന്നിധ്യവുമുണ്ടെങ്കിൽ ചീര കൃഷിയിൽ വിജയം നേടാം. നേരിട്ടു വിത്തുപാകിയോ പറിച്ചുനട്ടോ പുതിയ തൈകൾ വളർത്തിയെടുക്കാനും പറ്റും.

പൊതുവേ ബലം കുറഞ്ഞ തണ്ടുകളാണ് ചീരയുടേത്. തുടർച്ചയായി വിളവെടുക്കുന്നതു കൊണ്ട് പുതിയ തളിർപ്പുകളിൽ ഇലകളുടെ വളർച്ച പൂർത്തിയായാൽ വീണ്ടും വിളവെടുപ്പു നടത്താം. മുറിച്ചെടുത്ത ചീര ചെറുതായി അരിഞ്ഞ് കറിവെക്കാനുപയോഗിക്കുന്നു. പാകം ചെയ്യാൻ പറ്റാതെ കളയാൻ ഒന്നുമില്ലാത്ത 100 ശതമാനം ഭക്ഷ്യയോഗ്യമായ പച്ചക്കറിയാണ് ചീര.

ചീരകൃഷി എളുപ്പമാണെങ്കിലും തുടക്കക്കാർക്ക് പലപ്പോഴും പരാജയം സംഭവിക്കാറുണ്ട്. വിജയകരമായ ചീരകൃഷിക്ക് ചില പ്രത്യേക ഘട്ടങ്ങളിലെ പരിചരണത്തെക്കുറിച്ചുള്ള അറിവ് പ്രധാനമാണ്. ഉറുമ്പുകൾക്ക് ചീര വിത്ത് ഇഷ്ടഭക്ഷണമാണ്.

ചീരവിത്ത് മുളപ്പിക്കാനായി ഗ്രോബാഗിലോ, തടങ്ങളിലോ വിതറി ഇടുമ്പോൾ അതിനുള്ളിലേക്ക് ഉറുമ്പു വരാതെ നോക്കണം. തടത്തിന്/ഗ്രോബാഗിന് ചുറ്റും ഒരു ചെറിയ ചരടിന്റെ വീതിയിൽ മഞ്ഞൾപൊടി തൂകിയാൽ ഉറുമ്പുകൾക്ക് അതിനുള്ളിലേക്ക് കടക്കാൻ സാധിക്കില്ല. എല്ലാ വിത്തുകളും മുളച്ചുകിട്ടുകയും ചെയ്യും.

തയ്യാറാക്കിയ തടത്തിൽ/ഗ്രോബാഗിൽ ധാരാളം ചാണകപ്പൊടിയോ, കമ്പോസ്റ്റോ അല്ലെങ്കിൽ പശിമയുള്ള മണ്ണുമായി കലർത്തി വിതറിയാണ് വിത്തുപാകൽ നടത്തേണ്ടത്.

വിത്തുപാകിയശേഷം പൂപ്പാട്ട കൊണ്ടോ കൈകൊണ്ട് നേർമ്മയായി തളിച്ചോ നനച്ച് കൊടുക്കുമ്പോൾ വിത്ത് തനിയെ മണ്ണിനുള്ളിലേക്ക് ഇറങ്ങിക്കോളും. നനച്ചതിനുശേഷം തടത്തിന്/ഗ്രോബാഗിനു മുകളിൽ കുറച്ചുകൂടി ചാണകപ്പൊടിയോ കമ്പോസ്റ്റോ നേർത്ത ആവരണം പോലെ വിതറുന്നതും നല്ലതാണ്.

വിത്ത് മുളച്ച് ആദ്യത്തെ ഇലകൾ വിരിയുന്നതുവരെയുള്ള 5-10 ദിവസത്തെ നനയുടെ രീതി, അളവ്, വെള്ളം ചെറുതൈകളിൽ വീഴുന്നതിന്റെ ആഘാതം എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. മണ്ണിൽ നല്ല ഈർപ്പം നിലനിർത്തുന്നതിനാവശ്യമായ നനയാണ് വേണ്ടത്. പൂപ്പാട്ട കൊണ്ടോ, ഹോസിന്റെ അറ്റത്ത് ഷവർ പിടിപ്പിച്ച് വെള്ളം, നേർത്ത മഴച്ചാറൽപോലെ കിട്ടുന്നവിധത്തിലോ വേണം നനച്ചുകൊടുക്കാൻ. വേനൽക്കാല മാസങ്ങളിൽ ദിവസം രണ്ടുനേരം നനക്കേണ്ടിവരും. അല്ലാത്ത സീസണുകളിൽ ദിവസത്തിൽ ഒരു തവണ നനച്ചാൽ മതി.

കേരളത്തിലെ വേനലിനെ നേരിടാനുള്ള കരുത്തുണ്ട് കുഞ്ഞുചീരച്ചെടികൾക്ക്. മണ്ണിൽ ആവശ്യത്തിന് പോഷകവും ഈർപ്പവും വേണമെന്നുമാത്രം. ചെടികളുടെ വേഗത്തിലുള്ള വളർച്ചയിൽ നിന്നും മണ്ണിന്റെ പോഷകഗുണം മനസ്സിലാക്കാം.

നല്ല വളക്കൂറുള്ള മണ്ണിൽ വളരുന്ന ചീരത്തടത്തിൽ നിന്നും ഓരോ 10 ദിവസം കഴിയുമ്പോളും വിളവെടുപ്പു നടത്താം. ഓരോ വിളവെടുപ്പിനുശേഷവും ചാണകം കലക്കിയ സ്ലറിയോ 10 ഇരട്ടി നേർപ്പിച്ച ഗോമൂത്രമോ മാത്രം വളമായി ഒഴിച്ചുകൊടുത്തുകൊണ്ട് വിജയകരമായി ചീരകൃഷി ചെയ്യാം. അതും ജൈവരീതിയിൽ.

ഗ്രോബാഗിൽ ചീരകൃഷി ചെയ്യുമ്പോൾ ധാരാളം വെയിൽ കിട്ടുന്ന സ്ഥലത്ത് ബാഗുകൾ സജ്ജീകരിക്കാം. ചെടികളുടെ വളർച്ചാ കാലത്ത് ആവശ്യമെങ്കിൽ കൂടുതൽ വെയിൽ കിട്ടുന്ന സ്ഥലത്തേക്ക് മാറ്റിവെക്കുകയും ചെയ്യാം. ടെറസ്സ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ വിളയാണ് ചീര.

മഴക്കാല സീസണിൽ വിത്തുമുളപ്പിക്കലും ചെറിയ തൈകളെ മഴയുടെ ആഘാതത്തിൽ നിന്നു രക്ഷിക്കലുമാണ് രണ്ടു പ്രധാന വെല്ലുവിളികൾ. നേരിട്ടു മഴ പതിക്കാത്ത സൺഷേഡ്/ഇറമ്പിനു കീഴേ ഗ്രോബാഗുകളിൽ ആവശ്യമുള്ളത്ര തൈകൾ വളർത്തി എടുക്കാം. ഏറ്റവും കൂടുതൽ പ്രകാശം കിട്ടുന്നതും എന്നാൽ മഴ നേരിട്ടു പതിക്കാത്തതുമായ സ്ഥലത്ത് ഗ്രോബാഗുകൾ വെക്കാൻ ശ്രദ്ധിക്കുക.

തൈകൾ മഴയെ അതിജീവിക്കാനുള്ള കരുത്തുനേടി എന്നുറപ്പായാൽ പറിച്ചുനടാം. ഏറ്റവും കൂടുതൽ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽ വാരങ്ങളെടുത്ത് ആവശ്യത്തിന് അടിവളം ചേർത്ത് തയ്യാറാക്കിയശേഷം തൈകൾ 30 സെ.മീ. അകലത്തിൽ നടാം. ഇത്തരത്തിൽ മണ്ണുനിറച്ച് തയ്യാറാക്കിയ ഗ്രോബാഗുകളിലും തൈകൾ നടാം.

ചീരകൃഷിയിൽ ജലസേചനത്തിന്റെ പങ്ക് പ്രധാനപ്പെട്ടതാണ്. ചെടികൾ പൂർണ്ണമായോ, ഇലകൾ മാത്രമായോ വാടി നിൽക്കുന്നതാണ് ജലദൗർലഭ്യത്തിന്റെ ലക്ഷണം. ഈ ലക്ഷണം കാണിക്കുന്ന അവസ്ഥ എത്തുംമുമ്പേ ആവശ്യത്തിന് വെള്ളം കൊടുക്കുക.

മഴക്കാലത്തും പലപ്പോഴും ഒട്ടും മഴയില്ലാത്ത ഇടദിവസങ്ങൾ ഉണ്ടാകും. അത്തരം സന്ദർഭങ്ങളിലും ആവശ്യത്തിനനുസരിച്ച് ജലസേചനം നടത്തണം. മഴക്കാല മാസങ്ങളിൽ വിളവ് വേനൽക്കാല മാസങ്ങളെ അപേക്ഷിച്ചു കുറയും.

ഫിബ്രവരി മുതൽ മെയ് വരെയുള്ള സമയങ്ങളിൽ ചീരയിൽ പുഷ്പിക്കൽ കാലം കൂടിയാണ്. ഈ സമയത്ത് വിളവെടുക്കാൻ വൈകിയാൽ ശാഖാഗ്രത്തിൽ പൂങ്കുല രൂപപ്പെടും. പൂങ്കുല കണ്ടു തുടങ്ങിയാൽ ഉടനെ വിളവെടുക്കണം. പൂക്കളുടെ ഭാഗങ്ങൾ ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കാത്തതിനാൽ അത്തരം ഭാഗങ്ങൾ നുള്ളിക്കളഞ്ഞശേഷം വേണം ചീര വിപണനം ചെയ്യാൻ.

കുറെ തവണ വിളവെടുത്തു കഴിയുമ്പോൾ പുതുവളർച്ച സാവധാനത്തിലാവുകയും ഇലകളുടെ വലിപ്പം കുറയുകയും ചെയ്യും. ഈ സമയത്ത് പഴയ ചെടികൾ പറിച്ചു കളഞ്ഞ് ഗ്രോബാഗിൽ പുതിയ മിശ്രിതം നിറച്ചശേഷം ധാരാളം വെയിൽ കിട്ടുന്ന ഏതുസ്ഥലത്ത് കൊണ്ടുവെച്ചും അടുത്ത സെറ്റ് തൈകൾ ഉപയോഗിച്ച് ചീരകൃഷി തുടരാം. പരിചയ സമ്പന്നരായ കൃഷിക്കാർ ഏറ്റവും ആദായകരമായി ചെയ്യുന്ന കൃഷിയാണ് ചീരകൃഷി.

 കടപ്പാട് 

ഡോ.വി.കെ രാജു 
റിട്ട.പ്രൊഫസർ
കേരള കാർഷിക സർവകലാശാല

സദ്യബാക്കി പശുക്കൾക്ക് നൽകുമ്പോൾ .. !

ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ  എല്ലാം ഉണ്ടെങ്കിലും സദ്യയും, പായസവും ഇല്ലാതെ എന്താഘോഷം. അതിഥി സൽക്കാരങ്ങൾക്ക് മാറ്റുകൂട്ടാൻ ചോറും കറികളും പാകംചെയ്യുമ്പോൾ പലപ്പോഴും ആവശ്യമുള്ളതിനേക്കാൾ അധികമാകുകയാണ് പതിവ്. "പാഴായി പോകാതെ പശുവിൻറെ വയറ്റിൽ പോകട്ടെ" എന്നതാണല്ലോ പലപ്പോഴും നടപ്പുശീലം. ഇതേ കാരണം കൊണ്ടുതന്നെ ഓണം പിന്നിടുമ്പോഴേയ്ക്കും കർഷകരിൽ ഭൂരിപക്ഷത്തിന്റെയും ആടുമാടുകൾ കിടപ്പാകുന്നു.

അസുഖ കാരണം കൊടുക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്നത് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. ഓണം പോലുള്ള ആഘോഷങ്ങൾ കഴിയുമ്പോഴേക്കും പശുക്കളിൽ വയർ പെരുക്കം, വയറിളക്കം, മയക്കം, പാൽചുരത്താതിരിക്കൽ ചിലപ്പോൾ മരണം പോലുമോ സർ വ്വ സാധാരണമാകാറുണ്ട്.

ദഹനവുമായി ബന്ധപ്പെട്ട പ്രസ്തുത പ്രശ്നത്തിന്റെ കാരണം അറിയണമെങ്കിൽ പശുവിന്റെ ദഹനപ്രക്രിയയെ കുറിച്ച് അറിയേണ്ടതുണ്ട്. മനുഷ്യരിൽ നിന്നും വ്യത്യസ്തമായി ആടുമാടുകളുടെ ആമാശയത്തിന് നാല് അറകളാണുള്ളത്. റൂമൻ, റെറ്റിക്കുലം, ഒമാസം, അബോമാസം എന്നിവയാണവ. ഇതിൽ മനുഷ്യന്റെ ആമാശയവുമായി ദഹനപ്രക്രിയയിൽ സാമ്യമുള്ളത് അബോമാസത്തിനാണ്.

കന്നുകാലികളുടെ ദഹനേന്ദ്രിയത്തിന് ഏകദേശം 180 അടിയോളം നീളം ഉണ്ടാകും. ഇതിൽ റൂമൻ എന്ന് അറയിലാണ് 70 ശതമാനം ആഹാരവും കെട്ടിക്കിടക്കുന്നത്. ഇതിന് 120 ലിറ്ററോളം ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. ആദ്യത്തെ മൂന്ന് അറകളിൽ 90 ശതമാനം ഖര വസ്തുക്കളും സൂക്ഷ്മാണുക്കളുടെ പ്രവർത്തനത്താൽ പുളിപ്പിക്കലിന് ( fermentation) വിധേയമാകുന്നു.

റൂമനിൽ മാത്രം 200 തരം ബാക്ടീരിയകളും, ഇരുപതിലേറെ ഇനം മറ്റ് സൂക്ഷ്മാണുക്കളും( protozoa) ദഹന പ്രക്രിയയിൽ ഭാഗഭാക്കാകുന്നു. 

ഇവയുടെ എൻസൈമുകൾക്ക് മാത്രമേ സസ്യങ്ങളുടെ പ്രധാന ഘടകമായ സെല്ലുലോസിനെ ദഹിപ്പിക്കാനാകൂ. ഈ പുളിപ്പിക്കൽ പ്രക്രിയ വഴി ഖരവസ്തുക്കൾ കൊഴുപ്പിന്റെ അംശങ്ങളായും, കാർബൺ ഡയോക്സൈഡ്, അമോണിയ, മീഥേൻ എന്നീ വാതകങ്ങളുമായി മാറുന്നു. ഈ കൊഴുപ്പ് അമ്ലങ്ങളാണ് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്. കന്നുകാലികളുടെ ഊർജ്ജവും ശക്തിയും ഈ ഫാറ്റി ആസിഡുകളാണ്. ഈ സൂക്ഷ്മാണുക്കൾക്ക് പുല്ലും വയ്ക്കോലും അടങ്ങുന്ന ആഹാരപദാർത്ഥങ്ങൾ പുളിപ്പിക്കാൻ മാത്രമല്ല അവയിൽ നിന്നും പ്രോട്ടീനുകളും, ബികോംപ്ലക്സ് വിറ്റാമിനുകളും സൃഷ്ടിക്കുന്നതിനും കഴിയുന്നു.

ഈ സൂക്ഷ്മാണുക്കൾ നിലനിൽക്കാനും അവയുടെ വംശവർദ്ധനക്കും വേണ്ടി ചില പ്രത്യേക സാഹചര്യങ്ങളും അത്യാവശ്യമാണ്. റൂമനിലെ അമ്ലത( PH) 6-7 ആയിരിക്കണം. ഊഷ്മാവ് 38-42 ഡിഗ്രി വേണം. അമ്ലത നിയന്ത്രിക്കുന്നത് ഉമിനീരിലൂടെ വരുന്ന കാർബണേറ്റുകളും, ഫോസ്ഫേറ്റുകളുമാണ്. ഈ സന്തുലിതാവസ്ഥയ്ക്ക് തകരാർ സംഭവിക്കുമ്പോൾ ദഹനപ്രക്രിയയുടെ താളം തെറ്റും. വിഭജിച്ച് പെരുകുന്ന കോടിക്കണക്കിന് സൂക്ഷ്മാണുക്കൾ ആമാശയത്തിന്റെ നാലാം അറയിലും, ചെറുകുടലിലും ദഹിക്കപ്പെടുകയും ആഗിരണം ചെയ്യപ്പെടുകയുമാണ് രീതി. ഇവയിൽ നിന്നും പ്രോട്ടീനുകളും ബി കോംപ്ലക്സ് വൈറ്റമിനുകളും ലഭ്യമാകുന്നു.

റൂമൻ എന്ന വലിയ അറ മണിക്കൂറിൽ 45 മുതൽ 80 തവണ വരെ ശക്തമായി ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നു. അയവിറക്കലും ഉമിനീർ പ്രവാഹവും, അറയുടെ ചുരുങ്ങൽ വികാസവും എല്ലാം ചേർന്ന് ഉള്ളിലെ ജൈവ വസ്തുക്കൾ ഇളകി മറിയും. പ്രതിപ്രവർത്തനങ്ങളുടെ ഭാഗമായി നിരന്തരം ഉണ്ടാകുന്ന വാതകങ്ങൾ ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടും ( belching). ഇതിന് കഴിയാതെ വരുമ്പോഴാണ് വയർ പെരുക്കം ഉണ്ടാകുന്നത്.

അമിതമായ അന്നജം അടങ്ങിയ ചോറ്,കഞ്ഞി, പായസം, ധാന്യപ്പൊടികൾ, കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ ഉള്ളിൽ ചെന്നാൽ ഫാറ്റി ആസിഡുകൾ കൂടുതലായി ഉത്പ്പാദിപ്പിയ്ക്കപ്പെടുകയും അതോടെ റൂമന്റെ അമ്ലത വളരെ താഴ്ന്നു പോകുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി ലാക്ടിക് ആസിഡ് പുറപ്പെടുവിയ്ക്കുന്ന സൂക്ഷ്മാണുക്കൾ കൂടുതലായി ഉണ്ടാവുകയും,ലാക്ടിക് ആസിഡ് കൂടുകയും ചെയ്യുന്നു. ലാക്ടിക് ആസിഡ് കുറച്ചു വീര്യം കൂടിയതായതിനാൽ pH വീണ്ടും താഴ്ന്ന് ദഹനത്തെ ബാധിച്ച്, ശരീരത്തിനാവശ്യമുള്ള സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നു. ഇത് അസിഡോസിസ് എന്ന അപകടാവസ്ഥയിലേക്ക് നയിയ്ക്കുന്നു.

വയർ പെരുക്കം, പനി, തളർച്ച, വിശപ്പില്ലായ്മ, നടക്കാനുള്ള ബുദ്ധിമുട്ട്, വയറിളക്കം, നിർജലീകരണം, കുറഞ്ഞ പാലുല്പാദനം തുടങ്ങി പെട്ടെന്നുള്ള മരണംവരെ ഇതിനനുബന്ധമായി സംഭവിയ്ക്കുന്നു . ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് അടുത്തുള്ള വെറ്റിനറി സർജനെ ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ ഉറപ്പാക്കേണ്ടതാണ്. 

നമ്മുടെ ആഘോഷങ്ങൾ  ആവശ്യത്തിന് മാത്രം ഭക്ഷണം തയ്യാർ ചെയ്യുകയും അത് അശേഷം പാഴാക്കാതെ ഉപയുക്തമാകുന്നതും ആകട്ടെ. മനുഷ്യരുടേയും പശുക്കളുടേയും ആയുരാരോഗ്യം അങ്ങിനെയും ഉറപ്പാക്കാമല്ലോ.

by Dr. Sobha Satheesh

ആതിഥേയ സസ്യങ്ങളും അവയുടെ ബാക്ടീരിയ പങ്കാളികളും

  Host plants and their bacterial partners മിക്ക പയർ വർഗ്ഗങ്ങളും — പീസ്, ബീൻസ്, ക്ലോവർ തുടങ്ങിയവ — നൈട്രജൻ നിശ്ചലീകരിക്കുന്ന (Nitrogen Fixin...