Skip to main content

കരിയിലകള്‍ കത്തിയമരുമ്പോൾ നഷ്ടമാകുന്നത്

കത്തിക്കയറുന്ന ചൂടും കണികാണാത്ത മഴയും വേനലിനെ കഠിനമാക്കുന്നു. ഇതിന്റെ കാരണങ്ങള്‍ നിരവധി. എങ്കിലും ഒട്ടും അപ്രധാനമല്ലാത്ത കാര്യമാണ് കരിയില ജ്വലനം. അത് വർദ്ധിച്ച അന്തരീക്ഷ ഊഷ്മാവിനെ വീണ്ടും ഉയര്‍ത്തുകയും ആര്‍ദ്രതക്ക് അന്ത്യം കുറിക്കുകയും ചെയ്യുന്നു.

നമ്മള്‍ വസ്ത്രം ധരിക്കുന്നതുപോലെ, പുല്ലും കരിയിലയും ഭൂമിക്ക് മേല്‍ പ്രകൃതി ഒരുക്കിയ ജൈവാവരണമാണ്.

ആദ്യം കരിയില എന്താണെന്ന് നോക്കാം.

ചെടികള്‍ നേരത്തെ പിടിച്ചുവെച്ചിട്ടുള്ള സൗരോര്‍ജ്ജവും കാര്‍ബൺ ഡൈ ഓക്‌സൈഡും ആണത്. ഇലപൊഴിയും കാലത്ത് (ശരത്) ചുറ്റുവട്ടത്തെ ശീതളിമക്ക് മരത്തിന്റെ കരുതല്‍. സ്വേദനം (transpiration) വഴി ജലം നഷ്ടപ്പെടാതിരിക്കാനും വേനലിനെ വെല്ലാനും മണ്ണ് ചൂടാകാതിരിക്കാനും. സാധാരണയായി ഭൗമ താപനിലയേക്കാള്‍ 10-15 ഡി​ഗ്രി സെൽഷ്യസ് അധികമായിരിക്കും മണ്ണിന്റേത്. തുഷാര ബിന്ദുക്കളിലെ നനവ് പുതയില്‍ പതിച്ച് വെയിലിനെ അതിജീവിക്കാന്‍ ചെടികളെ സഹായിക്കുന്നു. ഒപ്പം ഭൂമിയിലെ ജലം ബാഷ്പീകരിച്ച് പോകാതിരിക്കാനും. മണ്ണിന് 25 ശതമാനമെങ്കിലും ഈര്‍പ്പം വേണം. അതുപോലെ വായു സഞ്ചാരവും. ജലസേചനം നടത്തുമ്പോള്‍/വെള്ളമൊഴിക്കുമ്പോള്‍ മണ്ണ് തറഞ്ഞുപോകാതെ അതിന്റെ മാര്‍ദ്ദവത്വം നിലനിർത്താനും പുത (mulch) അനുപേക്ഷണീയം. പുതയുള്ളപ്പോള്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ നനച്ചാല്‍ മതിയാകും. അല്ലെങ്കില്‍ സസ്യത്തിന്റെ ഭൂരിഭാഗവും വെള്ളമായതിനാല്‍ കൂടുതല്‍ നനക്കേണ്ടിവരും. അപ്പോള്‍ ജലദൗര്‍ലഭ്യത്തിന്റെ സമയത്ത് അധിക ജലവിഭവവും കൂടുതല്‍ അധ്വാനവും ആവശ്യമായി വരുന്നു.

പുതയിടേണ്ടത് വ്യത്യസ്ത ഇലകള്‍ കൊണ്ടാണ്. തേക്കില പോലെയുള്ളവ പ്രത്യേകിച്ച് മറ്റ് ഇലകളോടൊപ്പം ഇടണം. വന്‍വൃക്ഷങ്ങളുടെ ധര്‍മ്മം ആഴങ്ങളില്‍ നിന്നുള്ള മൂലകങ്ങള്‍ ഇലകളിലെത്തിച്ച് കൊഴിഞ്ഞുവീഴുമ്പോള്‍ ഉപരിതലത്തിലുള്ള ചെറിയ ചെടികള്‍ക്ക് കൊടുക്കുക എന്നതാണ്. ഈ ജൈവാംശമാണ് സൂക്ഷ്മജീവികളുടെ ആഹാരം. അവയ്ക്ക് ആ മണ്ണില്‍ നിന്നും തരുലതാദികള്‍ തരുന്നതാണ് നമുക്ക് തരുന്ന ഭക്ഷണത്തിന് പിന്നിലെ ഭക്ഷണം.

ഈ തൊഴില്‍പ്പടയെയാണ് രാസവള-രാസകീടനാശിനികള്‍ മൂലവും ചപ്പുചവറുകള്‍ കത്തിക്കുന്നതുവഴിയും കൊന്നൊടുക്കുന്നത്. മണ്ണ് തുറന്ന് കിടക്കുമ്പോള്‍ സംഭവിക്കുന്നതും അവയുടെ ദാരുണാന്ത്യമാണ്. 

എന്താണോ ചെടികള്‍ മണ്ണില്‍ നിന്ന് വലിച്ചെടുത്തത്, സൂര്യനിൽ നിന്നും ആവാഹിച്ചെടുത്തത് അതെല്ലാമാണ് കത്തിക്കുന്നതിലൂടെ പുനഃചംക്രമണം (recycle) ചെയ്യപ്പെടാതെ പാഴായിപോകുന്നത്. സസ്യങ്ങള്‍ സമാഹരിക്കുന്ന ഊര്‍ജ്ജത്തിന്റെ കേവലം രണ്ട് ശതമാനമാണ് കത്തിച്ചാല്‍ ചാരമായി ലഭിക്കുക. എന്നാല്‍ ജൈവാവശിഷ്ടങ്ങള്‍ ഭൂമിയില്‍ ലയിച്ചുചേരുമ്പോള്‍ നൂറുശതമാനവും ലഭിക്കും. കരിയില കത്തിക്കുന്നതിലൂടെ നഷ്ടമാക്കുന്നത് ജൈവവൈവിധ്യവും ജൈവാംശവും ഉല്പാദനക്ഷമതയുമാണ്. 

ജപ്പാനില്‍ മസനോവു ഫുക്കുവോക്ക (ഒറ്റ വൈക്കോല്‍ വിപ്ലവം) കൃഷിയിടങ്ങളിലെ കതിര്/വിള മാത്രം എടുത്ത്, മറ്റ് സസ്യാവശിഷ്ടങ്ങളെല്ലാം അവിടെ തന്നെ നിക്ഷേപിച്ചുകൊണ്ടുള്ള കൃഷി രീതിയാണ് അവലംബിച്ചിട്ടുള്ളത്. അപ്പോൾ, സാധാരണ രീതിയില്‍ കളകള്‍ സൂര്യപ്രകാശം ലഭിക്കാതെ നശിക്കും. അഥവാ ചിലത് മുളച്ചാല്‍ തന്നെ പിഴുതുകളയാന്‍ എളുപ്പവുമായിരിക്കും.

പ്ലാസ്റ്റിക് പുതയാണ് മറ്റൊരു പ്രവണത. കള നശിപ്പിക്കാനായി നിശ്ചിത കാലയളവില്‍ മാത്രം പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് സോളറൈസേഷനാകാം. പ്ലാസ്റ്റിക് പൊടിഞ്ഞ് മണ്ണിലും കുടിവെള്ളത്തിലും കായലിലും കടലിലുമെത്തുമ്പോള്‍ മത്സ്യങ്ങളില്‍ വരെ നാനോ പാര്‍ട്ടിക്കിളായി കാണപ്പെടുന്നു. എന്നാൽ ജൈവാവരണമാകുമ്പോള്‍ കന്നി മഴയ്ക്ക്/ഇടമഴക്ക് കിട്ടുന്ന നീര്‍ശേഖരം ജലസ്രോതസ്സുകള്‍ സമ്പന്നമാക്കി (Ground Water level) ഉയര്‍ത്തുന്നു. മഴപെയ്യുമ്പോള്‍ മണ്ണും വെള്ളവും കൂടി ഒലിച്ചുപോകാതിരിക്കാനും ഇത് സഹായകം. പുറത്തേക്ക് ഒഴുകിപ്പോയി വെള്ളക്കെട്ടുണ്ടാകാതെ തടയുന്നു. അന്തരീക്ഷത്തിലേക്ക് പൊടിപടലങ്ങളും മണ്ണും (soil-wind erosion) പടർന്നുകയറാതിരിക്കാനുള്ള പ്രതിരോധമായും മാറുന്നു.

ആവാസവ്യവസ്ഥകള്‍ അട്ടിമറിക്കപ്പെടുന്ന തരത്തിൽ ചൂട് കൂടുകയാണ്. ഒരു വശത്ത് കാട്ടുതീ താണ്ഡവമാടുമ്പോള്‍, തണ്ണീരും തീറ്റയുമില്ലാതെ വന്യജീവികള്‍ നട്ടം തിരിഞ്ഞ് നാട്ടിലേക്കിറങ്ങുന്നു. മറുവശത്ത് ഗ്രീഷ്മം കളം വിട്ടുപോകാതെ നിലപാട് കടുപ്പിക്കുന്നു. ഈ സമയത്താണ് ആളുകളെല്ലാം കരിയിലകൾ കത്തിക്കുന്നത്. കരിയിലകൾ അഗ്നിക്കിരയാക്കപ്പെടുമ്പോൾ ഇലകളിലെ സൂര്യതേജസ് താപോര്‍ജ്ജവും പ്രകാശോര്‍ജ്ജവുമായി ഭൗമമണ്ഡലത്തെ ചൂടുപിടിപ്പിക്കുന്നു. അതില്‍ സുരക്ഷിതമായിരുന്ന കാര്‍ബൺ ഡൈ ഓക്‌സൈഡിന്റെ ബഹിര്‍ഗമനത്താല്‍ പ്രാണവായുവിന്റെ ഗുണത താഴുന്നു. ദില്ലിയിലേതുപോലെ സ്ഥിതി ഇവിടെയും വഷളായേക്കാം. കാര്‍ബൺ ഉത്സര്‍ജനത്തിനും ആഗോള താപനത്തിനും അന്തര്‍ദേശീയ മാനങ്ങളുണ്ടെങ്കിലും ആഭ്യന്തര കാര്യങ്ങളും വഴിമരുന്നിടുന്നുണ്ട്. ഫലമോ കടലിലെ ന്യൂനമര്‍ദ്ദവും തുടർന്നുണ്ടാകുന്ന ചുഴലിയും പെരുമഴയും പ്രകൃതി​ദുരന്തങ്ങളായി മാറുന്നു. 

പൂമ്പാറ്റയുടെ ചിറകടിപോലും പ്രപഞ്ചത്തെ പ്രകമ്പനം കൊളളിക്കുന്നു എന്നതുപോലെ (Butterfly effect) നാമെല്ലാം ദുരന്തങ്ങള്‍ക്ക് ഉത്തരവാദിയാകുന്നു.

ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാവുന്ന രീതിയില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തിക്കല്‍ (കൂടാതെ ആശുപത്രി മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കാതിരിക്കല്‍, കീടനാശിനികളുടെ പാത്രങ്ങള്‍ അലക്ഷ്യമായി സൂക്ഷിക്കലും ഉപേക്ഷിക്കലും, ഈ-മാലിന്യങ്ങള്‍ അലക്ഷ്യമായി സൂക്ഷിക്കല്‍) എന്നിവയ്ക്കുമെതിരെ (പഴയ) ഇന്ത്യന്‍ പീനല്‍കോഡ് വകുപ്പ് 278 പ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന് നടപടി സ്വീകരിക്കാം. 500 രൂപ പിഴക്ക് ശിക്ഷിക്കാവുന്ന കുറ്റമാണത്. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നേരിട്ടോ തദ്ദേശ സ്ഥാപന സെക്രട്ടറി മുഖേനയോ പരാതി നൽകാം. അജൈവ മാലിന്യങ്ങള്‍ (പ്ലാസ്റ്റിക് ഉള്‍പ്പെടെ) കൂട്ടിയിട്ട് കത്തിക്കലിനെതിരെ കേരള പഞ്ചായത്ത് രാജ് ആക്ട് 1994, വകുപ്പ് 219 വി(1), കേരള മുനിസിപ്പല്‍ ആക്ട് 1994, വകുപ്പ് 334 എ എന്നിവ പ്രകാരം തദ്ദേശ സ്ഥാപന സെക്രട്ടറിക്കും സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത പൊലീസ് ഓഫീസര്‍ക്കും നടപടി സ്വീകരിക്കാം. കുറ്റസ്ഥാപനത്തിന്മേല്‍ ആറ് മാസത്തില്‍ കുറയാത്തതും ഒരു വര്‍ഷം വരെ ആകാവുന്നതുമായ തടവോ, 10,000 രൂപയില്‍ കുറയാത്തതും 50,000 രൂപയില്‍ അധികരിക്കാത്തതുമായ പിഴയോ രണ്ടും കൂടിയോ ശിക്ഷിക്കപ്പെടാവുതാണ്. അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് സൂക്ഷിച്ച് സംസ്‌കരണത്തിന് കൈമാറാതിരിക്കല്‍, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കല്‍, പൊതു സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ കുഴിച്ചുമൂടല്‍, ഘനലോഹങ്ങള്‍ ഉള്‍പ്പെടെയുള്ള ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കല്‍ തുടങ്ങിയവക്കെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍ക്ക് നടപടി സ്വീകരിക്കാവുന്നതാണ്. ബാധകമാകുന്ന നിയമം ഖരമാലിന്യപരിപാലന ചട്ടങ്ങളിലെ (പഴയത്) ചട്ടം 4(2), പരിസ്ഥിതി (സംരക്ഷണ) നിയമം 1986 വകുപ്പ് 15. പുതിയ നിയമങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും പരാതിപ്പെടാന്‍ അതിന്റെ ആവശ്യമില്ല. ഡി.ജി.പി. യുടെ 14.11.2016 ലെ 9/2016 എക്‌സിക്യുട്ടീവ് ഡയറക്ടീവിന്റെ രണ്ടാം ഖണ്ഡിക ഇങ്ങനെ പറയുന്നു: Police can take cognizance of littering of wastes and polluting air and water bodies and register cases under sections 269 r/w 278 of IPC and Section 120 (e) of Kerala Police Act. Sections 340 (A) & 340 (B), 341 and 342 of the Kerala Municipalities Act 1994 and sections 219 (N), 219 (P) and 252 of the Kerala Panchayath Raj Act are also relevant. These provisions are detailed as annexure.

തെറ്റായ വൃത്തി-സൗന്ദര്യബോധമാണ് ചപ്പുചവറുകള്‍ തീയിടുതിനുള്ള ഒരു കാരണം. അഗ്നിയുടെ കണ്ടുപിടുത്തം മാനവകുലത്തെ അത്രമേല്‍ അത്ഭുതപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കത്തിക്കലാണ് (ശവദാഹമടക്കം യുദ്ധങ്ങളും മറ്റാക്രമണങ്ങളും) എല്ലാം തീര്‍ക്കാന്‍ എളുപ്പവും സൗകര്യവുമെന്ന മൂഢവിശ്വാസം പുലര്‍ത്തുന്ന സമൂഹത്തിന്റെ മനോഭാവമാറ്റം അനിവാര്യം. 

ഇഴജന്തുക്കളെ കുറിച്ചുള്ള ഭയമാണ് മറ്റൊരു നിദാനം. വീടിന്റെ ചുറ്റുപാടുകളും നടന്നുപോകാനുള്ള വഴികളും ചപ്പുചവറുകള്‍ നീക്കി മറ്റുഭാഗങ്ങള്‍ തനിമയോടെ നിലനിര്‍ത്താം. അല്ലെങ്കിലും ഏതൊരു സ്ഥലത്ത് പോകുമ്പോഴും ശ്രദ്ധിക്കുകയും രാത്രിയില്‍ വെളിച്ചം കരുതുകയും വേണം. പാമ്പിനും മറ്റും അഭയസ്ഥലങ്ങള്‍ ഉള്ളപ്പോള്‍ അവ വെറുതെ ഉപദ്രവിക്കാറില്ല. ചവിട്ടടിയൊച്ച കേള്‍ക്കുമ്പോള്‍ പലതും ഓടിപ്പോകാറാണ് പതിവ്. 

ഉണങ്ങിയ ഇലകള്‍ ചാക്കിലാക്കിവെക്കാം. കുഴി/റിംഗ്/കമ്പോസ്റ്റാക്കി ജൈവകൃഷി ചെയ്യാം. ഓരോ അടിയിടുമ്പോഴും ചാണകവെള്ളം ഒഴിക്കുകയോ ഇനാക്കുലം വിതറുകയോ ചെയ്യണം. ചെറുതാക്കി മണ്ണിര കമ്പോസ്റ്റിലും ഇടാവുതേയുള്ളു. മണ്ണിന് മൃദുലതയും ഉര്‍വ്വരതയും ചൊരിഞ്ഞ്, കണ്ണിന് മിഴിവേകുമ്പോള്‍, മണ്ണട്ടകള്‍ സംഗീതം പൊഴിക്കുന്നതിന് കാതോര്‍ക്കാം.


(കടപ്പാട് - സോഷ്യൽ മീഡിയ )

Comments

Popular posts from this blog

കാർഷികം - കാർഷിക കലണ്ടർ

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ  പച്ചക്കറികൾ നടുന്നതിനുള്ള  ഏകദേശ സമയക്രമം  ജനുവരി മുളക്,     വഴുതന, തക്കാളി , പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,       ചീര, പയർ ഫെബ്രുവരി വഴുതന, തക്കാളി, വെണ്ട, ചീര, പയർ മാർച്ച് തക്കാളി, വെണ്ട, ചീര, പയർ ഏപ്രിൽ മുളക്,         പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,     ചീര, പയർ മെയ് മുരിങ്ങ , മുളക്,   വഴുതന, ചീര, പയർ , ചേമ്പ് , ചേന ജൂൺ മുരിങ്ങ , മുളക്,   വഴുതന, വെണ്ട, ചീര, പയർ , ചേമ്പ് , ചേന ജൂലൈ വെണ്ട, പയർ ആഗസ്ത് മുളക്,     ചീര, പയർ സെപ്റ്റംബർ മുളക്,     വഴുതന, തക്കാളി , പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,       ചീര, പയർ ഒക്ടോബർ കാബേജ്, കോളിഫ് ‌ ളവർ , വഴുതന, തക്കാളി , വെണ്ട, ചീര, പയർ , ചേമ്പ് നവംബർ കാബേജ്, കോളിഫ് ‌ ളവർ ,     വെണ്ട, ...

കാർഷികം - ചേന

മലയാളിയുടെ തീൻ മേശയിലെ കരുത്തനാണ്, ചൊറിയനെങ്കിലും ചേന. വെറുതേ അല്ല ചൊറിച്ചിൽ.  നമ്മുടെ ശരീരത്തെ കരുത്തുറ്റതാക്കാനുള്ള കാൽസ്യം ഓക്സലേറ്റിന്റെ നിറകലാപമാണ് ചൊറിച്ചിലിന്റെ പിന്നിൽ . സഹിച്ചേ പറ്റു. നട്ടാലേ നേട്ടമുള്ളൂ  ഇനി അതല്ല,  ചൊറിച്ചിൽ വേണ്ടേ?  വേണ്ട... മ്മ്ടെ ഗജേന്ദ്രയോ, ശ്രീ പദ്മയോ നട്ടോളൂ. കാൽസ്യം അല്പം കുറഞ്ഞാലും വേണ്ടില്ല ചൊറിച്ചിൽ തീരെ കമ്മി.  ഇത് എവിടെ കിട്ടും?  ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിൽ അന്വേഷിച്ച് നോക്കാം..(അവിടെ ഇല്ലെങ്കിൽ എന്നെ തെറി വിളിക്കരുത്, ). മലയാളിയുടെ ക്ഷാമ ഭൂതകാലത്തിൽ എരിവയറുകൾക്ക് കൂട്ടായി നിന്ന ഭക്ഷണമാണ് കിഴങ്ങ് വർഗ വിളകൾ.  കപ്പയും ചേനയും കാച്ചിലുമൊക്കെ. 'ചേനേം കാച്ചിലും മുമ്മാസം' ആയിരുന്നു അക്കാലം. അവിടെ നിന്നും 'സ്വിഗ്ഗിയും സൊമാറ്റോയും എക്കാലവും'  എന്ന നിലയിലേക്ക് മാറിയിട്ടുണ്ട് കാര്യങ്ങൾ. പുകയാത്ത അടുപ്പുകൾ ഉള്ള നവ കേരളം.    ചേനയോടേറ്റുമുട്ടാൻ ആരുണ്ട് ഈ നാട്ടിൽ? വാ.. ഇങ്ങ് കേരളത്തിലേക്ക്... പ്രമേഹിയാണോ?സന്തോഷം..ചേനയ്ക്ക് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ് . ധൈര്യമായി തട്ടിക്കോ..  കൂടിയ രക്...

കാർഷികം - ഞാറ്റുവേല

ഞാറ്റുവേല സൂര്യന്റെ സഞ്ചാര പഥവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ  വിശ്വാസ പ്രകാരം 27  നക്ഷത്രങ്ങളാണ് ഉള്ളത്. ഓരോ സമയത്തു സൂര്യൻ ഏതു നക്ഷത്രത്തിന് നേരെയാണോ സ്ഥിതി ചെയ്യുന്നത് ആ ഞാറ്റുവേല അപ്പോൾ ആ നക്ഷത്രത്തിന്റെ പേരിൽ അറിയപ്പെടുന്നു. അതുകൊണ്ടുതന്നെ 27 ഞാറ്റുവേലകളാണ് ഉള്ളത്. അതുപോലെതന്നെ ഓരോ ഞാറ്റുവേലയുടെയും ദൈർഘ്യം 13.5 ദിവസങ്ങൾ ആണ്. അതായതു ഒരു വർഷം 365  ദിവസം. ഇതിനെ ആകെ ഞാറ്റുവേലകളുടെ എണ്ണം (27) കൊണ്ട് ഹരിച്ചാൽ നമുക്ക് 13.5 എന്ന് കിട്ടുന്നു. ഞാറ്റുവേല ചക്രം  ഞാറ്റുവേല കലണ്ടർ മലയാള മാസം നക്ഷത്രം മേടം അശ്വതി, ഭരണി, കാർത്തിക1/4 ഇടവം കാർത്തിക3/4 , രോഹിണി മകീര്യം1/2 മിഥുനം മകീര്യം1/2 , തിരുവാതിര,പുണർതം ¾ കർക്കിടകം പുണർതം¼ ,പൂയ്യം, ആയില്യം ചിങ്ങം മകം, പൂരം, ഉത്രം ¼ കന്നി ഉത്രം ¾, അത്തം, ചിത്ര ½ തുലാം ചിത്ര ½, ചോതി, വിശാഖം ¾ വൃശ്ചികം വിശാഖം ¼ , അനിഴം,തൃക്കേട്ട ധനു മൂലം, പൂരാടം, ഉത്രാടം ¼ മകരം ഉത്രാടം ¾ , തിരുവോണം, അവിട്ടം ½ കുംഭം അവിട്ടം ½ , ചതയം, പൂരുട്ടാതി ¾ മീനം പൂരുട്ടാതി ¼, ഉതൃട്ടാതി, രേവതി അശ്വതി ഞാറ്റുവേല  വിരിപ്പ് കൃഷിക്ക്...