മലയാളിയുടെ തീൻ മേശയിലെ കരുത്തനാണ്, ചൊറിയനെങ്കിലും ചേന.
വെറുതേ അല്ല ചൊറിച്ചിൽ. നമ്മുടെ ശരീരത്തെ കരുത്തുറ്റതാക്കാനുള്ള കാൽസ്യം ഓക്സലേറ്റിന്റെ നിറകലാപമാണ് ചൊറിച്ചിലിന്റെ പിന്നിൽ . സഹിച്ചേ പറ്റു.
നട്ടാലേ നേട്ടമുള്ളൂ
ഇനി അതല്ല, ചൊറിച്ചിൽ വേണ്ടേ?
വേണ്ട... മ്മ്ടെ ഗജേന്ദ്രയോ, ശ്രീ പദ്മയോ നട്ടോളൂ. കാൽസ്യം അല്പം കുറഞ്ഞാലും വേണ്ടില്ല ചൊറിച്ചിൽ തീരെ കമ്മി.
ഇത് എവിടെ കിട്ടും?
ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിൽ അന്വേഷിച്ച് നോക്കാം..(അവിടെ ഇല്ലെങ്കിൽ എന്നെ തെറി വിളിക്കരുത്, ).
മലയാളിയുടെ ക്ഷാമ ഭൂതകാലത്തിൽ എരിവയറുകൾക്ക് കൂട്ടായി നിന്ന ഭക്ഷണമാണ് കിഴങ്ങ് വർഗ വിളകൾ.
കപ്പയും ചേനയും കാച്ചിലുമൊക്കെ. 'ചേനേം കാച്ചിലും മുമ്മാസം' ആയിരുന്നു അക്കാലം.
അവിടെ നിന്നും 'സ്വിഗ്ഗിയും സൊമാറ്റോയും എക്കാലവും' എന്ന നിലയിലേക്ക് മാറിയിട്ടുണ്ട് കാര്യങ്ങൾ.
പുകയാത്ത അടുപ്പുകൾ ഉള്ള നവ കേരളം.
ചേനയോടേറ്റുമുട്ടാൻ ആരുണ്ട് ഈ നാട്ടിൽ?
വാ.. ഇങ്ങ് കേരളത്തിലേക്ക്...
പ്രമേഹിയാണോ?സന്തോഷം..ചേനയ്ക്ക് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ് . ധൈര്യമായി തട്ടിക്കോ..
കൂടിയ രക്ത സമ്മർദ്ദമുണ്ടോ? അർമ്മാദിപ്പിൻ..പൊട്ടാസ്സ്യസമ്പന്നമാണ് ചേന. മാറ്റി നിർത്തേണ്ട. BP കുറഞ്ഞോളും.
തടി കുറയ്ക്കണോ? വയർ നിറഞ്ഞെന്ന് വരുത്താൻ വിരുത് കൂടും ചേനയ്ക്ക് . പൊളിച്ചടുക്ക് ...
മലബന്ധമുണ്ടോ? ദഹന നാരുകളുടെ മഹാകുംഭമേളയാണ് ചേനയിൽ.. വിരേചനസുഖം അനുഭവിച്ചുതന്നെ അറിയണം.
പൈൽസ്, അര്ശസ്, .. ബേജാറാവണ്ട. അസാധ്യ ആന്റിഹെമറോയിഡൽ ശേഷി... (എന്ന് കരുതി നാരില്ലാത്ത പൊറോട്ട കഴിപ്പൊക്കെ കുറച്ച് മതി.. ചേനയ്ക്കും പരിമിതികൾ ഉണ്ട് )
ആർത്തവ ചക്ര പ്രശ്നങ്ങൾ, ആർത്തവ വിരാമവുമായ ബന്ധപ്പെട്ട മൂഡ് വ്യത്യാസങ്ങൾ ഉണ്ടോ? വഴിയുണ്ട്.ഫൈറ്റൊ ഈസ്ട്രോജന്റെ നിറകുംഭമാണ് ചേന.തീന്മേശയിൽ ചേന ഉറപ്പ് വരുത്തേണ്ടത് സ്ത്രീകളുടെ ആവശ്യമാണ്.ആണുങ്ങൾ വേണമെങ്കിൽ തിന്നാൽ മതി..
കൃമി ശല്യമുണ്ടോ? ചേന കൈകാര്യം ചെയ്തോളും. എന്തിനാണ് വെറുതേ Albendazole tablet ഒക്കെ കഴിയ്ക്കുന്നത്?
അങ്ങനെ നോക്കിയാൽ, സമകാലീന മലയാളിയുടെ സകല വ്യാധികളും മാറ്റുന്ന കാലഭൈരവൻ തന്നെ ചേന.
കുംഭത്തിലാണ് മണ്ണിൽ ശയിക്കാൻ ചേനയ്ക്ക് ഇഷ്ടം. അതും വെളുത്ത വാവിൻ നാൾ.
'കുംഭചേന കുടത്തോളം.
മീനത്തിൽ നട്ടാൽ മീൻ കണ്ണിയോളം' എന്നല്ലേ പഴമൊഴി .
ഒന്നരയടി കുഴിയിൽ കുമ്മായം ചേർത്ത് രണ്ടു വാരം കഴിഞ്ഞ്, മേല്മണ്ണിട്ട്,പകുതി മൂടിയ കുഴിയിൽ ചാണകപ്പൊടിയും കരിയിലകളുമിട്ട മലർ മെത്തയിൽ മേലാകെ ചാണകച്ചാർ പൂശി കുറച്ച് നാൾ വെയിൽ /പുക കാഞ്ഞ്, പിന്നെയും തോലും തൂപ്പും മൂടി ഇടവം വരെ ഒരു കിടപ്പാണ് കീറി മുറിയ്ക്കപ്പെട്ട ചേനക്കഷണം.
നമ്മൾ വിചാരിക്കും ആൾ അലസമായി കിടക്കുകയാണെന്ന്. അല്ലേ അല്ല, ആ സമയം മുഴുവൻ തന്റെ വേരുകൾ കൊണ്ട് അസ്ഥിവാരം പണിയുകയാണ് കക്ഷി . 'അടിസ്ഥാനം ഉറച്ചാലേ ആരൂഢവും ഉറയ്‌ക്കൂ' എന്ന് നമുക്കറിയില്ലെങ്കിലും ചേനയ്ക്ക് നന്നായി അറിയാം .
ഇടവം പിറന്നാൽ മുകൾ പണി തുടങ്ങും. പിന്നെ കൊടിയേറ്റം, കുടമാറ്റം...
'അടി തളിക
നടു വടി
മേൽ കുട.. ആര്?
സംസ്‌കൃതത്തിൽ സുരൻ, ഹിന്ദിയിലും അതേ. സുരൻ എന്നാൽ ദേവൻ.അതേ.. കാർഷിക വിളകളിലെ ദേവനാണ് ചേന.
കന്നടയിൽ സുവർണ്ണ ഗദ്ദ. തെലുങ്കിൽ കാണ്ഡ ഗദ്ദ.
ചേന രണ്ടു തരം. ഗ്രാമ്യയും വന്യയും. അതായതു നാടനും കാടനും .
കാടൻ നല്ല ചൊറിയൻ. ചൊറിച്ചിൽ കളയാതെ കഴിച്ചാൽ വിവരം അറിയും. പക്ഷെ കഴിക്കേണ്ട രീതിയിൽ കഴിച്ചാൽ അർശസ്സും പൈൽസും പമ്പകടക്കും. ചെളി തേച്ച്, തീയിൽ ചുട്ടെടുത്തോ മറ്റോ ആണ് കഴിക്കേണ്ടതത്രെ.
പിന്നെ നാടൻ ചേന .. നമ്മുടെ ചങ്ക്
കർക്കിടകത്തിൽ വല്ലവന്റേം ചേന കട്ടിട്ട് ലോക്കപ്പിൽ കിടന്നാലും വേണ്ടില്ല, കഴിക്കണം എന്നാണ് പഴഞ്ചൊല്ല്.
കർക്കടക ചേന വെണ്ണ പോലെ
വേകും.
ഓണത്തിന് വിളവെടുക്കണമെങ്കിൽ മകരമാസം ആദ്യം ചേന നട്ടു നനച്ചു വളർത്തുക.
മഴയെ ആശ്രയിച്ചാണ് കൃഷി എങ്കിൽ കുംഭ മാസത്തിൽ.
വിത്തുചേനയായി വിളവെടുക്കണമെങ്കിൽ വൃശ്ചികത്തിൽ കിളയ്ക്കണം.
മണ്ണ് തനിയേ ചേനയിൽ നിന്നും ഇളകി മാറും . വൃശ്ചിക കാറ്റ് കൊണ്ട് ചേനയിലെ നീര് വലിയുന്നതിനാൽ ദീർഘ കാലം കേടു കൂടാതെ സൂക്ഷിച്ചു വയ്ക്കാം
വർഷത്തിൽ ഒരു ദിവസം ചേനയ്ക്കായി മെനക്കെട്ടാൽ ഒരു കൊല്ലം മുഴുവൻ ചേന തിന്നാം.
എന്നാൽ ഒരു കൊല്ലം മുഴുവൻ വാഴയ്ക്കായി മെനക്കെട്ടാൽ ഒരു ദിവസം, കൂടിയാൽ ഒരാഴ്ച, പഴം തിന്നാം. വ്യത്യാസം പിടി കിട്ടിയോ?
'വാഴ വയ്ക്കുന്നവനെ അടിക്കണം, ചേന വയ്ക്കാത്തവനെയും' എന്ന് പറയുന്നതിന്റെ പൊരുളും മറ്റൊന്നല്ല. വാഴ കൃഷിയുടെ നൂറിലൊന്ന് റിസ്ക് ചേന കൃഷിയ്ക്കില്ല. അതോണ്ടാ.. വാഴക്കർഷകർ പിണങ്ങല്ലേ
ചേന വയ്ക്കാത്തവൻ കള്ളൻ എന്നും പറയും.എന്ന് പറഞ്ഞാൽ വെറും മടിയൻ,
ഇന്ത്യയാണ് ചേനയുടെ ഈറ്റില്ലം എന്നാണ് പണ്ഡിതർ ആദ്യം കരുതിയത്. ഇവിടെ ദക്ഷിണേന്ത്യ, മഹാരാഷ്ട്ര, ഒഡീഷാ,എന്നിവിടങ്ങളിൽ എല്ലാം കൃഷി വ്യാപകം.
പക്ഷെ ജനിതകം തെരഞ്ഞ് തെരഞ്ഞ് ചെന്നപ്പോൾ വടക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും പന്തം കൊളുത്തിപ്പട. ഇവിടുത്തേക്കാൾ വംശ വൈവിധ്യം ഉണ്ടത്രേ അവിടെ.
അപ്പോ പിന്നെ അവിടെ പിറന്നവൻ എന്നായി ജനിതകം.
അവിടെ നിന്നും ലവൻ ലാറ്റിൻ അമേരിക്കയിലേക്കും ആഫ്രിക്കയിലേക്കും പോയി.
അങ്ങനെ ചേന ഇന്ന് അന്താരാഷ്ട്ര പ്രശസ്തൻ .
ആഗോള മരുന്ന് കമ്പനികളുടെ കഞ്ഞികുടി മുട്ടിക്കാൻ കഴിവുള്ളവൻ.ഭക്ഷണമാണ് ഔഷധം എന്ന് നമ്മൾ തിരിച്ചറിയാത്തിടത്തോളം മരുന്ന് കമ്പനികൾ പിടിച്ച് നിൽക്കും.
കഴിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
ചേന ഉപ്പേരി, അവിയൽ, കാളൻ, തോരൻ, എരിശ്ശേരി, പായസം, ലേഹ്യം, കട്ട്‌ലെറ്റ് എന്ന് വേണ്ട ഏത് കാലത്തും ഒരേ ഗുണം ഒരേ രുചി.
ഒരില മാത്രമുള്ള ചെടി ഏതെന്ന് ചോദിച്ചാലും ഉത്തരം ചേന എന്ന് തന്നെ
അപ്പോൾ കുംഭമാസമായി..
വാൽ കഷ്ണം :
കാര്യം ചേന ആള് ജപ്പാൻ ആണെങ്കിലും ചില ഇനങ്ങൾ മുറിച്ച് കഷ്ണിക്കുമ്പോൾ ഉള്ള ചൊറിച്ചിൽ അസഹനീയം.
പേടിക്കേണ്ട. വഴിയുണ്ട്
1.ചേന അരിയുമ്പോൾ കഴുകാതിരിക്കുക. ജലാംശം പറ്റുമ്പോൾ ചൊറിച്ചിൽ കൂടാം. അരിഞ്ഞിട്ട് കഴുകിയാൽ മതി.
2. ചേന മുറിച്ചു പുളി വെള്ളത്തിൽ കഴുകി കഷണിക്കാം.
3.ചേന അരിയുന്നതിനു മുൻപ് കയ്യിൽ വെളിച്ചെണ്ണ പുരട്ടാം.
4.ഉപ്പ് വെള്ളം കൊണ്ട് ചേന നന്നായി കഴുകി മുറിക്കാം.
5.ചേന വേവിച്ചിട്ട് മുറിച്ചാൽ മതിയെങ്കിൽ അങ്ങനെ..
ചൊറിയാത്ത ചേന ഇനങ്ങളായ ഗജേന്ദ്ര, ശ്രീ പദ്മ എന്നിവ കൃഷി ചെയ്യുന്നതിനെ കുറിച്ചും ആലോചിക്കാം.
(കടപ്പാട് - സോഷ്യൽ മീഡിയ )
It is very good to write about agricultural crops, may God bless you to write more🌾🌶️🌽🥝🍅🍆🥑🍑🌾
ReplyDelete